അങ്കമാലി: നിർമ്മാണം പൂർത്തിയായി വരുന്ന മൂക്കന്നൂർ-ഏഴാറ്റുമുഖം റോഡിൽ താബോർ കയറ്റത്തിലുള്ള വളവിലെ നിർമ്മാണ അപാകതകളും പിഴവുകളും പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. താബോർ കയറ്റത്ത് ആരാധനമഠത്തിന് സമീപമുള്ള വളവിലാണ് നിർമ്മാണപ്പിഴവ് സംഭവിച്ചിട്ടുള്ളത്. ആവശ്യത്തിന് വീതിയുള്ള ഇവിടെ വീതി കുറിച്ച് ടാറിംഗ് നടത്തിയത് മൂലം റോഡ് കുപ്പിക്കഴുത്തിന് സമാനമായിരിക്കുകയാണ്. ഇതോടെ ഇരുവശങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് തമ്മിൽ കാണാൻ കഴിയാത്ത അവസ്ഥയാണ്. നിർമ്മാണപ്പിഴവ് മൂലം വാഹനങ്ങളുടെ ചക്രങ്ങൾ തെന്നിമാറുന്നതായും ഡ്രൈവർമാർ പരാതിപ്പെടുന്നു. നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ ടി. എം. വർഗീസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ. തരിയൻ എന്നിവർ റോജി എം. ജോൺ എം.എൽ.എയ്ക്കും കെ.എസ്.ടി.പി ചീഫ് എഞ്ചിനീയർക്കും നിവേദനം നടത്തി. റോഡ് നിർമ്മാണത്തിലെ അപാകതകൾ ഉടൻ പരിഹരിക്കുമെന്ന് എം.എൽ.എ മറുപടി നൽകി. വിഷയം നിർമ്മാണ ചുമതലയുള്ള കെ.എസ്.ടി.പി. യുടെ പ്രൊജക്ട് ഡയറക്ടറുടെയും ചീഫ് എഞ്ചിനീയറുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ചീഫ് എഞ്ചിനീയറും വിദഗ്ദ്ധ സംഘവും ഉടൻ തന്നെ സ്ഥലം സന്ദർശിച്ച് അപാകത പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എ. എൽ.എ വ്യക്തമാക്കി.