കൊച്ചി: എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് ഉദ്യോഗമണ്ഡലിലെ ഫാക്ടിൽ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഫാക്ട് റിട്ട. എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡി. ഗോപിനാഥൻ നായർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മധു പുറക്കാട്, ഫാക്ട് ലീഗൽ കോ ഓർഡിനേഷൻ ഫോർ പി.എഫ് പെൻഷൻ സെക്രട്ടറി കെ. രാധാകൃഷ്ണൻ നായർ, സന്തോഷ്ബാബു (സി.ഐ.ടി.യു), വി. എ. നാസർ (ഐ.എൻ.ടി.യു.സി), പി. എസ്. അഷറഫ് (റിട്ട. എംപ്ലോയീസ് അസോസിയേഷൻ), പി.എം അലി (എസ്.ടി.യു), പി.ഡി ജോൺസൻ (എഫ്.ഡബ്ളിയു.ഒ), ജോർജ് തോമസ് (സെക്രട്ടറി ജനറൽ, എഫ്.ഡബ്ളിയു.ഒ), ഒ.എസ്. ഷിനിൽവാസ് (ജനറൽ സെക്രട്ടറി, എഫ്.ഡബ്ല്യു.ഒ) എന്നിവർ സംസാരിച്ചു.
പി.എഫ് ഓർഗനൈസെഷന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ പോരാട്ടം തുടരുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ മറുപടിപ്രസംഗത്തിൽ പറഞ്ഞു. നഷ്ടപ്രതാപം വീണ്ടെടുത്ത ഫാക്ട് വീണ്ടും പ്രതിസന്ധിയിലാകാതിരിക്കാൻ സ്ഥിരം സി.എം.ഡിയെ കേന്ദ്രസർക്കാർ നിയമിക്കണം. നിറുത്തിവച്ച കാപ്രോലാക്ടം ഉൾപ്പെടെ എല്ലാ പ്ലാന്റുകളിലും പരമാവധി ഉത്പാദനം നടത്തണം. ഫാക്ടിനു നവരത്നപദവി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മൂന്ന് പതിറ്റാണ്ടായി ഫാക്ട് വർക്കേഴ്‌സ് ഓർഗനൈസേഷൻ പ്രസിഡന്റ് കൂടിയാണ് പ്രേമചന്ദ്രൻ എം.പി. ഫാക്ടിന്റെ ഡയറക്ടർ (ടെക്‌നിക്കൽ ) ഡോ. കെ. ജയചന്ദ്രനുമായി എം.പിയുടെ നേതൃത്വത്തിൽ വർക്കേഴ്‌സ് ഓർഗനൈസേഷൻ നേതാക്കൾ കൂടിക്കാഴ്ച നടത്തി.