nadapatha

ആലുവ: കൊച്ചി മെട്രോ കോടികൾ മുടക്കി സൗന്ദര്യവത്കരിച്ച സ്ഥലം വഴിയോര കച്ചവടക്കാരുടെ കയ്യേറ്റത്തിൽ നശിച്ചു. ആലുവ മെട്രോ സ്റ്റേഷൻ മുതൽ പുളിഞ്ചോട് വരെയുള്ള ഭാഗത്തെ സൗന്ദര്യവത്കരണമാണ് മെട്രോ അധികൃതരുടെയും നഗരസഭയുടെയും അലംഭാവത്തെ തുടർന്ന് നശിച്ചത്.

മാർക്കറ്റ് മേൽപ്പാലത്തിനടിയിലെ സ്ഥലം ദേശീയപാത അധികൃതരുടെ അനുവാദത്തോടെ സംരക്ഷണ ചുമതല ഏറ്റെടുത്ത ആലുവ നഗരസഭയാണ് സൗന്ദര്യവത്കരണം നശിപ്പിച്ചതിന്റെയും കൈയേറ്റത്തിന്റെയും ആദ്യ ഉത്തരവാദി. മേൽപ്പാലത്തിനടിയിലെ സ്ഥലം പാർക്കിംഗിനായി കരാറെടുത്ത സ്വകാര്യ വ്യക്തിക്ക് നഗരസഭ നിയമവിരുദ്ധമായ സൗകര്യങ്ങളാണ് നൽകിയത്. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പുല്ലുകൾ നട്ടുവളർത്തിയ സ്ഥലത്ത് നിരവധി ലോട്ടറി തട്ടുകളാണ് സ്ഥാപിച്ചിട്ടുള്ളത്. സ്ഥലം പാർക്കിംഗിന് മാത്രം ഉപയോഗിക്കണെന്ന വ്യവസ്ഥക്ക് വിരുദ്ധമായി കരാറുകാരൻ പ്രവർത്തിച്ചിട്ടും നഗരസഭ കണ്ണടക്കുകയാണ്. വാഹന പാർക്കിംഗിന് ഉപയോഗിക്കേണ്ട കുറെ സ്ഥലം തട്ടുകട നടത്താനും കരാറുകാരൻ വാടകക്ക് നൽകിയിട്ടുണ്ട്. നഗരസഭയിൽ അടച്ച തുക തട്ടുകടക്കാരനിൽ നിന്ന് മാത്രം കരാറുകാരന് ലഭിക്കുന്നുണ്ട്. നടപ്പാത കൈയേറിയുള്ള പഴവർഗങ്ങളുടെ കച്ചവടം ഇപ്പോഴും തുടരുകയാണ്. പ്രതിഷേധം ശക്തമാകുമ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വല്ലപ്പോഴും പൊലീസും നഗരസഭയും നടപടിയുമായെത്തും. രണ്ട് ദിവസം കഴിഞ്ഞാൽ കച്ചവടക്കാർ തിരിച്ചെത്തും.

കൊച്ചി മെട്രോ നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിർമ്മിച്ച നടപ്പാതകളിലെ കയ്യേറ്റം പൂർണമായി ഒഴിപ്പിച്ച് സംരക്ഷിക്കണം. നടപ്പാതകളിലെ മാലിന്യം നീക്കാനും സൗന്ദര്യവത്കരണ പ്രദേശത്ത് പുല്ല് നട്ടുവളർത്താനും നടപടിയുണ്ടാകണം. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കും

വി.ടി. സതീഷ്

ജില്ലാ പ്രസിഡന്റ്

കേരള സാംസ്കാരിക പരിഷത്ത്

സൗന്ദര്യവത്കരണം ആദ്യം നശിച്ചത് 2018ലെ പ്രളയത്തിൽ പിന്നീട് ചെടികൾ സ്വയം വളർന്ന് പൂത്തുതളിർത്തെങ്കിലും പരിചരിക്കാൻ ആളില്ലാതായതോടെ വീണ്ടും നശിച്ചു ഇതോടെ അവശേഷിച്ച ചെടികളെല്ലാം പിഴുതെറിഞ്ഞ് സ്ഥലം വഴിയോര കച്ചവടക്കാർ കൈക്കലാക്കി ദേശീയപാത മേൽപ്പാലത്തിനടിയിലും ഇരുവശങ്ങളിലെ സർവീസ് റോഡുകളും കേന്ദ്രീകരിച്ചാണ് നടപ്പാതകളും പൂന്തോട്ടങ്ങളും നിർമ്മിച്ചത് ഈ മേഖലയാണ് അനധികൃത കച്ചവടക്കാരും അന്യസംസ്ഥാന തൊഴിലാളികളും കയ്യേറിയത് ചിലയിടങ്ങൾ ഓട്ടോ ഡ്രൈവർമാർ വിശ്രമകേന്ദ്രങ്ങളാക്കി നടപ്പാതയുടെ ചില മേഖലകൾ പഴവർഗ വില്പനക്കാരുടെയും തട്ടുകടക്കാരുടെയും പിടിയിലുമായി