മൂവാറ്റുപുഴ: മുത്തംകുഴി കോച്ചേരിത്തണ്ട് ചെങ്ങമനാട്ട് ബിബിൻ എബ്രാഹം (26), പിണ്ടിമന ചെമ്മീൻകുത്ത് കൊല്ലുംപറമ്പിൽ വിഷ്ണു (17) എന്നിവർ കുത്തേറ്റു മരിച്ച കേസിൽ ഒന്നാം പ്രതി മാലിപ്പാറ സൊസൈറ്റിപ്പടി പുതുവൽപുത്തൻപുര സജീവ്, രണ്ടാം പ്രതി മാലിപ്പാറ അമ്പാട്ട് വീട്ടിൽ സന്ദീപ് എന്നിവർ കുറ്റക്കാരാണെന്ന് മൂവാറ്റുപുഴ അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ടോമി വർഗീസ് വിധിച്ചു. മൂന്നാം പ്രതി പാണിയേലി കളപ്പുരയ്ക്കൽ പ്രസന്നൻ, നാലാം പ്രതി ഐരൂർപാടം ഭാഗം മേക്കമാലി വീട്ടിൽ ജിൻസൻ ജോസ്, ആറാം പ്രതി പാണിയേലി ചെറുവള്ളിപ്പടി വീട്ടിൽ സരുൺ എന്നിവരെ കുറ്റക്കാരല്ലെന്നു കണ്ട് വെറുതേ വിട്ടു. അഞ്ചാം പ്രതി പാണിയേലി കരിപ്പക്കാടൻ എബി എൽദോസ് വിചാരണ വേളയിൽ മരിച്ചു. പ്രതികൾക്കുള്ള ശിക്ഷാവിധി 21ന് പ്രഖ്യാപിക്കും.

കോതമംഗലം മാലിപ്പാറയിൽ 2014 മാർച്ച് 16ന് പിണ്ടിമന നാടോടി ഗാന്ധിനഗർ കോളനിക്ക് സമീപമുണ്ടായ വഴക്കു സംബന്ധിച്ച വിരോധത്താൽ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

കോതമംഗലം പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ജി.ഡി. വിജയകുമാർ അന്വേഷണം നടത്തിയ കേസിൽ സർക്കിൾ ഇൻസ്പെക്ടർ കെ.എം. സജീവാണ് കുറ്റപത്രം ഹാജരാക്കിയത്. പ്രോസിക്യൂഷനു വേണ്ടി അഡി. പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ജ്യോതികുമാർ ഹാജരായി.