കൊച്ചി: യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ 170-ാം ജയന്തി ആഘോഷങ്ങൾക്കായി നാടും നഗരവും ഒരുങ്ങി. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അനാർഭാടമായാണ് ജയന്തിദിനാഘോഷം നടത്തുന്നതെങ്കിലും ശാഖകൾ കേന്ദ്രീകരിച്ച് വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. എസ്.എൻ.ഡി.പി യോഗം ആലുവ, പറവൂർ, വൈപ്പിൻ യൂണിയനുകൾ മാത്രമാണ് ഇക്കുറി ജില്ലയിൽ യൂണിയൻതല റാലിയും മറ്റ് ചടങ്ങുകളും സംഘടിപ്പിച്ചിട്ടുള്ളത്. മറ്റ് ആറ് യൂണിയനുകളിലും ശാഖകൾ കേന്ദ്രീകരിച്ചാണ് ആഘോഷങ്ങൾ.
വിവിധ സാംസ്‌കാരിക കൂട്ടായ്‌മകളുടെയും നേതൃത്വത്തിൽ ജയന്തി ഘോഷയാത്രകളും സമ്മേളനങ്ങളും ജില്ലയൊട്ടാകെ നടക്കും. ജയന്തി ആഘോഷങ്ങൾക്കായി നഗരപാതകളും ഗ്രാമപ്രദേശങ്ങളും പീതപതാകകളാൽ അലങ്കരിച്ച് കഴിഞ്ഞു. സമ്മേളനങ്ങൾ, ഘോഷയാത്രകൾ, അന്നദാനം എന്നിവ ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
ഗുരുസ്മൃതിയിൽ അദ്വൈതാശ്രമം
ആലുവ: ഗുരുദേവൻ സ്ഥാപിച്ച ആലുവ അദ്വൈതാശ്രമത്തിൽ ജയന്തിയാഘോഷം ഇന്ന് വിവിധ പരിപാടികളോടെ നടക്കുമെന്ന് ആശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ അറിയിച്ചു. പുലർച്ചെ 4.30ന് ക്ഷേത്രം മേൽശാന്തി പി.കെ. ജയന്തന്റെ നേതൃത്വത്തിൽ ചടങ്ങുകൾ ആരംഭിക്കും. 5.15ന് മഹാജയന്തി, ഗുരുപൂജകൾ നടക്കും. 6.30ന് സമൂഹപ്രവാർത്ഥനയ്ക്ക് ശേഷം സ്വാമി ധർമ്മ ചൈനത്യ പീതപതാക ഉയർത്തും. 8.30ന് ഗുരുദേവ കൃതികളുടെ പാരായണം, 10ന് സത്സംഗം, ഉച്ചയ്ക്ക് 12.30ന് മഹാഗുരു പൂജ, പ്രസാദ വിതരണം, വൈകിട്ട് 5.30ന് ഗുരുപൂജ, 6.30ന് ദീപാരാധന, സമൂഹപ്രാർത്ഥന.