okkal
സംസ്ഥാന വിത്ത് ഉത്പാദനകേന്ദ്രം ഒക്കൽ

പെരുമ്പാവൂർ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒക്കൽ വിത്ത് ഉത്പാദന കേന്ദ്രത്തിൽ ഇന്നലെ നടത്തിയ ഫാം ഫെസ്റ്റ് രാഷ്ട്രീയ മാമാങ്കം ആക്കി മാറ്റാനാണ്ചിലരുടെ ശ്രമമെന്ന് ആക്ഷേപം. നെല്ല് പാകേണ്ട പാടം നികത്തി തറയിൽ കോൺക്രീറ്റ് ടൈൽ പാകിയ പരിസ്ഥിതി സൗഹൃദം അല്ലാത്ത നടപടി എങ്ങിനെ ഫാം ടൂറിസം ആകുമെന്ന ചോദ്യമാണ് ചിലർ ഉയർത്തുന്നത്. ഫാം കൗൺസിൽ അംഗങ്ങളും ഇതേക്കുറിച്ച് ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. കൃഷിവകുപ്പ് കയ്യാളുന്ന സി.പി.ഐയുടെയും കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെയും മേൽക്കോയ്മയിൽ നടത്തുന്ന ഫെസ്റ്റിവലിൽ നാട്ടുകാർക്കോ കർഷക സംഘടനകൾക്കോ റസിഡന്റ്സ് അസോസിയേഷനുകൾക്കോ ഒക്കൽ പൗരസമിതിക്കോ പൊതുപ്രവർത്തകർക്കോ വേണ്ടത്ര പ്രാതിനിധ്യം ഇല്ലെന്ന ആക്ഷേപം നേരത്തെ തന്നെ ഉണ്ടായിരുന്നു.

വിത്ത് ഉത്പാദന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ സുതാര്യമാക്കണമെന്ന് ബി.ജെ.പി ഒക്കൽ പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു. പണം ധൂർത്തടിക്കാനുള്ള പരിസ്ഥിതി സൗഹൃദം അല്ലാത്ത ഫാം ഫെസ്റ്റിനെതിരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും ബി.ജെ.പി നേതാക്കൾ അറിയിച്ചു. ബി.ജെ.പി പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റ് പി. അനിൽകുമാർ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സമിതി പ്രസിഡന്റ് ഒ.പി. രാജു അദ്ധ്യക്ഷനായി. അജിൽകുമാർ മനയത്ത്, ദേവച്ചൻ പടയാട്ടിൽ, പി.ആർ. സലി, നിഷ ഷിബു, വി.എസ്. രാജേഷ് അജിത് ഒക്കൽ, ശിവാജി, രമണി കൃഷ്ണൻകുട്ടി, ബിനീഷ് എന്നിവർ സംസാരിച്ചു.