പെരുമ്പാവൂർ: വേങ്ങൂർ കൈപ്പിള്ളിയിലെ പശക്കമ്പനിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ വാക്കുകളിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റിജു കുര്യൻ രംഗത്തുവന്നതോടെ പശക്കമ്പനിവിവാദം വീണ്ടും തുറന്ന പോരിലേക്ക്. കമ്പനി ഉടമയായ എടനപ്പറമ്പിൽ അസൈനാർ ആവശ്യമായ രേഖകൾ ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിലും മറ്റ് അപാകതകളോ പരാതികളോ ഇല്ലാതിരുന്നതിനാലുമാണ് പഞ്ചായത്ത് സെക്രട്ടറി കെട്ടിട നിർമ്മാണത്തിന് അനുമതി നൽകിയത്. എന്നാൽ കമ്പനി ഉടമ വ്യാജരേഖകളാണ് സമർപ്പിച്ചതെന്ന വാർഡ് മെമ്പറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 6ന് കമ്പനി ഉടമയോട് വിശദീകരണം ചോദിച്ച് നോട്ടീസ് നൽകുകയും നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നിർമ്മാണ പെർമ്മിറ്റ് റദ്ദ് ചെയ്യുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ശില്പാ സുധീഷ് പറഞ്ഞിരുന്നു. എന്നാൽ പശക്കമ്പനിക്ക് നിർമ്മാണത്തിന് അനുമതി നൽകിയതും പിന്നീട് സ്റ്റോപ്പ് മെമ്മോ നല്കിയതും മറ്റും എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ മെമ്പർമാരെ അറിയിക്കാത്തത് ദുരൂഹമാണെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റിജു കുര്യൻ ആരോപിക്കുന്നു.