മരട്: കുമ്പളം പഞ്ചായത്തിലെ ഹൈവേ പ്രദേശം ഇരുട്ടിൽ. വഴിവിളക്കിനെ ചൊല്ലി കുമ്പളം പഞ്ചായത്ത് സെക്രട്ടറിയും കരാറുകാരും തമ്മിലുള്ള പോര് മുറുകുന്നു. പ്രശ്നത്തിന് കാരണം പഞ്ചായത്ത് സെക്രട്ടറിയുടെ പിടിവാശിയും അതിനു ചൂട്ടുപിടിക്കുന്ന ഭരണസമിതിയുമെന്ന ഗുരുതര ആരോപണവുമായി കരാറുകാർ രംഗത്തെത്തി. ഇരുവിഭാഗങ്ങളുടെയും ശീതസമരത്തെ തുടർന്ന് ഒരു വർഷത്തിലേറെയായി ഹൈവേ ഇരുട്ടിലാണ്. വെളിച്ചം ഇല്ലാത്തതിനാലുള്ള അപകടങ്ങളും പതിവ്. ദേശീയ പാത എൻ.എച്ച്.എ.ഐയുടെതാണെങ്കിലും വഴിവിളക്ക് അതത് തദ്ദേശ സ്ഥാപനങ്ങളാണ് സ്ഥാപിക്കുന്നത്. ഹൈവേയിൽ ലൈറ്റ് ഇട്ടതിനു പ്രതിഫലമായി പണം കിട്ടിയില്ലെന്നും കരാറിൽ നിന്ന് ഒഴിവാക്കാനോ നഷ്ടപരിഹാരം തരാനോ പഞ്ചായത്ത് തയാറാകുന്നില്ലെന്നും കരാറുകാർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. തീരുമാനമായില്ലെങ്കിൽ ഹൈവേയിലെ 75 വിളക്കു കാലുകളും ഊരി എടുക്കുമെന്നും കരാറുകാർ പറഞ്ഞു. എന്നാൽ, കരാറുകാരുമായി തർക്കം നടക്കുമ്പോഴും 9 ലക്ഷം രൂപ മുടക്കി 11 വിളക്കുകൾ പഞ്ചായത്ത് മാർച്ച് മുതൽ ഹൈവേയിൽ തെളിക്കുന്നുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. വാർഷിക പദ്ധതിയിൽ 15 ലക്ഷം രൂപയാണ് വഴിവിളക്കുകൾക്കായി മാറ്റിവച്ചിട്ടുള്ളത്. ദേശീയ പാതയിൽ പരസ്യം വയ്ക്കുന്നതിന് പഞ്ചായത്തിന് അധികാരമില്ല. പകരം നിർദേശമായി നൽകിയ ജീവനോപാധി കേന്ദ്രത്തിൽ ഹോർഡിംഗ് വയ്ക്കാനുള്ള അനുമതി പഞ്ചായത്തിന്റെ വരുമാനം നഷ്ടപ്പെടുത്തും എന്നതിനാൽ നൽകാനാവില്ലെന്നും പഞ്ചായത്ത് സെക്രട്ടറി പറയുന്നു.
കരാറുകാരുടെ ആരോപണങ്ങൾ
2017ലാണ് 75 വിളക്കുകൾ കരാറുകാർ ഹൈവേയിൽ സ്ഥാപിച്ചത്. 5 വർഷം പരിപാലിച്ചു. പോസ്റ്റ് ഇട്ട് ലൈറ്റ് സ്ഥാപിച്ചതിനു മാത്രം ഏകദേശം 37 ലക്ഷം രൂപ ചെലവായി. കെ.എസ്.ഇ.ബിയിൽ നിന്ന് കണക്‌ഷൻ എടുത്തതിന്റെയും പരിപാലനത്തിന്റെയും ചെലവ് വേറെ. പഞ്ചായത്തിന് സാമ്പത്തിക ബാധ്യത വരാത്ത രീതിയിൽ വിളക്കുകൾ വീണ്ടും തെളിക്കുന്നതിന് തദ്ദേശ വകുപ്പ് ജില്ലാ ഡയറക്ടറേറ്റും സംസ്ഥാന ഡയറക്ടറേറ്റും നൽകിയ രണ്ട് പ്രായോഗിക നിർദേശങ്ങൾക്കു നേരെയും പഞ്ചായത്ത് മുഖം തിരിച്ചെന്ന് കരാറുകാർ ആരോപിക്കുന്നു. പഞ്ചായത്തും എൻഎച്ച്എയും തമ്മിലാണു യഥാർഥ കരാർ. ദേശീയ പാതയിലെ വിളക്കുകൾ അഴിക്കുന്നതിന് പഞ്ചായത്തിന്റെ എൻഒസി വേണം. നൽകാനായില്ലെങ്കിൽ എന്തു കാരണത്താലാണെന്ന് 7 ദിവസത്തിനകം മറുപടി നൽകണം. പഞ്ചായത്തിലെ അനധികൃത ഹോർഡിംഗുകൾ നിയമപരമാക്കാത്തതിനെതിരെ കോടതിയെ സമീപിക്കാനിരിക്കുകയാണ് കരാറുകാർ.
നിയമപരമല്ലാത്ത ഉപകരാറിൽ പഞ്ചായത്ത് ഞങ്ങളെ കുടുക്കുകയായിരുന്നു. പഞ്ചായത്തിന്റെ മൗനാനുവാദത്തോടെ വിളക്കു കാലിൽ സ്ഥാപിക്കുന്ന പരസ്യത്തിൽ നിന്നു പണം കണ്ടെത്തി പരിപാലന ചെലവും വൈദ്യുതി തുകയും കണ്ടെത്താം എന്നായിരുന്നു കരാർ. എന്നാൽ എൻ.എച്ച്.എ.ഐ കർശന നിലപാട് എടുത്തതോടെ ആ വഴി അടഞ്ഞു.
സേവ്യർ ജോർജ്, വിനിൽ തോമസ്
കരാറുകാർ
വഴിവിളക്ക് തെളിക്കുക എന്നത് പഞ്ചായത്തിന്റെ ഉത്തരവാദിത്തമാണ്. കുമ്പളത്തെ വഴിവിളക്ക് പ്രശ്നത്തിൽ തിരുവനന്തപുരത്ത് തദ്ദേശ സ്വയംഭരണ സ്പെഷൽ സെക്രട്ടറി ടി.വി. അനുപമയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഉരുത്തിരിയുന്ന അവസാന തീരുമാനത്തിനു കാക്കുകയാണ്.
ബീഗം സൈന ബി
കുമ്പളം പഞ്ചായത്ത് സെക്രട്ടറി