മൂവാറ്റുപുഴ: ഇന്ന് നടക്കുന്ന ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷങ്ങളിൽ ആയിരക്കണക്കിന് ഗുരുഭക്തർ അണിനിരക്കും. ആഘോഷങ്ങളുടെ ഭാഗമായി മൂവാറ്റുപുഴ നഗരം പീതവർണ്ണാങ്കിതമായി. മൂവാറ്റുപുഴ യൂണിയന്റെ കീഴിലുള്ള 33 ശാഖകളിലും ഇന്ന് രാവിലെ പ്രാർത്ഥനയും ഗുരുദേവ കീർത്തനാലാപനവും ഉച്ചയ്ക്ക് പ്രസാദം ഊട്ടും നടക്കുമെന്ന് യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ എന്നിവർ അറിയിച്ചു. യൂണിയൻ ആസ്ഥാനം മുതൽ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം മഞ്ഞക്കൊടിയും ഗുരുദേവചിത്രങ്ങളുംകൊണ്ട് നിറഞ്ഞു. രാവിലെ ശാഖകളിലെ ചടങ്ങുകൾക്കുശേഷം ഉച്ചയോടെ ആയിരക്കണക്കിന് ശ്രീനാരായണീയർ മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ ഒത്തുചേരും. തുടർന്ന് യൂണിയൻ ഭാരവാഹികളുടെ നേതത്വത്തിൽ മഹാഘോഷയാത്ര ആരംഭിക്കും.ഘോഷയാത്ര നഗരം ചുറ്റി ടൗൺഹാളിൽ സമാപിക്കും. തുടർന്ന് നടക്കുന്ന മഹാസമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ അദ്ധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ സ്വാഗതവും ഡോ. മാത്യുകുഴൽനാടൻ എം.എൽ.എ മുഖ്യപ്രഭാഷണവും നടത്തും. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ചതയദിന സന്ദേശവും സമ്മാനദാനവും നിർവഹിക്കും. നഗരസഭാ ചെയർമാൻ പി.പി. എൽദോസ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും.