തൃപ്പൂണിത്തുറ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ഉദയംപേരൂർ എസ്.എൻ.ഡി.പി ശാഖയിൽ പ്രകൃതിസംരക്ഷണ സന്ദേശയാത്രയായി സംഘടിപ്പിക്കും. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കുന്ന തരത്തിലുള്ള മനുഷ്യന്റെ ചെയ്തികളുടെ അനന്തരഫലങ്ങളെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നൽകിയ ഗുരുവിന്റെ സന്ദേശങ്ങളിലേക്ക് സമൂഹമന:സാക്ഷിയുടെ ശ്രദ്ധക്ഷണിക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇന്ന് രാവിലെ 8ന് ഗുരുപൂജ. വൈകിട്ട് 4ന് പ്രകൃതിസംരക്ഷണ സന്ദേശയാത്ര തെക്ക് കണ്ണേമ്പിള്ളി ഗുരുമണ്ഡപം, വടക്ക് ശ്രീമുരുക കാവടിസംഘം ഗുരുമണ്ഡപം എന്നിവിടങ്ങളിൽ നിന്നാരംഭിച്ച് ശാഖാങ്കണത്തിൽ സമാപിക്കും. തുടർന്ന് സമൂഹ പ്രാർത്ഥന, പ്രകൃതിസംരക്ഷണ പ്രതിജ്ഞ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം കൈമാറൽ എന്നിവ നടക്കും.

വയനാട് ദുരന്തഭൂമിയിൽ രക്ഷാദൗത്യത്തിൽ പങ്കാളിയായ ശാഖാ അംഗവും എസ്.എൻ.ഡി.പി യോഗം എംപ്ലോയീസ് ഫോറം യൂണിയൻ സെക്രട്ടറിയുമായ നാരായണീയത്തിൽ ആർ. അജയകുമാറിനെയും ദുരന്തത്തിനിരയായവർക്കുള്ള പുനരധിവാസത്തിന് 12 സെന്റ് സ്ഥലം വിട്ടുനൽകിയ വിദ്യാലയത്തിലെ ആറാംക്ലാസ് വിദ്യാർത്ഥിനി എസ്. ആരുഷിയെയും കുടുംബാംഗങ്ങളെയും ആദരിക്കും.