
പറവൂർ: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിനൊരുങ്ങി പറവൂർ. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ വൈകിട്ട് മൂന്നിന് യൂണിയൻ ഓഫീസ് അങ്കണത്തിലെ ഗുരുദേവ മണ്ഡപത്തിലെ പൂജകൾക്ക് ശേഷം ഘോഷയാത്ര ആരംഭിക്കും. അഞ്ചിന് പഴയ യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപനസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ജയന്തിദിന സന്ദേശം നൽകും. വിശിഷ്ടവ്യക്തികളെ ആദരിക്കൽ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരനും വിദ്യാഭ്യാസ അവാർഡ്ദാനം നഗരസഭ പ്രതിപക്ഷനേതാവ് ടി.വി. നിഥിനും യൂണിയൻതല കലാമത്സരങ്ങളുടെ സമ്മാനദാനം നഗരസഭ കൗൺസിലർ രഞ്ജിത്ത് മോഹനും നിർവഹിക്കും. യൂണിയൻ സെക്രട്ടറി ഷൈജു മനയ്ക്കപ്പടി, യോഗം കൗൺസിലർ ഇ.എസ്. ഷീബ, യോഗം ഡയറക്ടർമാരായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു, യൂണിയൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ സംസാരിക്കും. പറവൂർ ഈഴവ സമാജം, വടക്കേക്കര ഹിന്ദുമത ധർമ്മപരിപാലന സഭ, പാലാതുരുത്ത് - മുണ്ടുരുത്ത് ഗുരുദേവ സംഘമിത്ര എന്നീ സംഘടനകളുടെ നേതൃത്വത്തിലും ജയന്തി ആഘോഷം നടക്കും.