പെരുമ്പാവൂർ: ശ്രീനാരായണ ഗുരുദേവന്റെ ജയന്തി ആഘോഷത്തോടനുബന്ധിച്ച് എസ്. എൻ.ഡി.പി യോഗം ഒക്കൽ ശാഖയിൽ ഇന്ന് നാമ സങ്കീർത്തന ശാന്തി ഘോഷയാത്ര നടക്കും. രാവിലെ 8 മണിക്ക് ഒക്കൽ ഗുരുദേവ മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന ചതയദിന രഥഘോഷയാത്ര വിവിധ കുടുംബയോഗങ്ങളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി താന്നിപ്പുഴയിൽ സമാപിക്കും. വൈകിട്ട് ആറുമണിക്ക് താന്നിപ്പുഴയിൽ നിന്ന് വർണ്ണപ്പകിട്ടാർന്ന ശോഭയാത്രയോടുകൂടി ഒക്കലിൽ സമാപിക്കും. വൈകിട്ട് 7.30 ന് കുന്നത്ത്നാട് യൂണിയൻ ചെയർമാൻ കെ.കെ. കർണന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തും. ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. മിഥുൻ പ്രതിഭ പുരസ്കാരം വിതരണം ചെയ്യും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ കെ.എ. ഉണ്ണിക്കൃഷ്ണൻ, മുൻ എം.എൽ.എ സാജു പോൾ എന്നിവർ ചതയദിന സന്ദേശം നൽകും. തുടർന്ന് മഹാഗുരുവിന്റെ പിറന്നാൾസദ്യയോട് കൂടി പരിപാടികൾ സമാപിക്കുമെന്ന് ഒക്കൽ ശാഖ പ്രസിഡന്റ് എം.ബി. രാജൻ സെക്രട്ടറി കെ.ഡി. സുഭാഷിതൻ, ജനറൽ കൺവീനർ കെ.എസ്. മോഹനൻ എന്നിവർ അറിയിച്ചു.