കൊച്ചി: തിരുവനന്തപുരം ശ്രീപദ്മനാഭ ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പിയെന്ന ആരോപണത്തിലെ അന്വേഷണ റിപ്പോർട്ട് മുദ്രവച്ച കവറിൽ സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. ആചാരലംഘനം ചൂണ്ടിക്കാട്ടി ഒരുകൂട്ടം വിശ്വാസികൾ നൽകിയ ഹർജിയിൽ കോടതി നിർദ്ദേശപ്രകാരമാണ് നടപടി.
ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസറുടെ ഓഫീസിൽ ബിരിയാണി സത്കാരം നടന്നെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഇത് ക്ഷേത്രത്തിന്റെ ഭാഗമായ കെട്ടിടം തന്നെയാണെന്ന് വാദിച്ച ഹർജിക്കാരുടെ അഭിഭാഷകൻ വിനോദ് റായ് റിപ്പോർട്ടിന്റെ ഭാഗമായ സ്കെച്ചും ഹാജരാക്കി. മറുപടി സത്യവാങ്മൂലത്തിന് സർക്കാരും ക്ഷേത്രഭരണസമിതി സ്റ്റാൻഡിംഗ് കൗൺസലും സമയം തേടിയതിനാൽ ഹർജികൾ സെപ്‌തംബർ 10ലേക്ക് മാറ്റി. ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ,ജസ്റ്റിസ് പി.ജി.അജിത്‌കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.