kothamangalam

കോതമംഗലം: കൊച്ചി -ധനുഷ്കോടി ദേശീയപാതയുടെ നവീകരണത്തിനായി തീർത്ത കാനയിലക്ക് ബൊലേറോ ജീപ്പ് തലകീഴായി മറിഞ്ഞു. ദേശീയപാതയിൽ തലക്കോടിന് സമീപം പുത്തൻകുരിശിൽ ഇന്നലെ പുലർച്ചെയാണ് അപകടം ഉണ്ടായത്. അടിമാലി സ്വദേശിയുടെ ജീപ്പ് റോഡിനായി കുഴിച്ച കാനയിൽ തലകീഴായി മറിയുകയായിരുന്നു. വാഹനത്തിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഊന്നുകൽ ഭാഗത്ത് നിന്ന് അടിമാലി ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ജീപ്പ്. നേര്യമംഗലം ഭാഗത്ത് നിന്ന് വരുകയായിരുന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കവെ അപകടമൊഴിവാക്കാൻ ജീപ്പ് ഡ്രൈവർ ബ്രേക്ക് ചവിട്ടിയതോടെയാണ് ജീപ്പ് വട്ടം തിരിഞ്ഞ് കാനയിൽ ചാടി തലകീഴായി മറിഞ്ഞത്. തൊട്ടുപുറകെ വന്ന തൊടുപുഴ ഡിപ്പോയിലെ അടിമാലി ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവർ കവളങ്ങാട് സ്വദേശി അനസ് മുഹമ്മദും നാട്ടുകാരും ജീപ്പ് ഡ്രൈവറെ പുറത്തെടുത്തു. പ്രാഥമിക പരിശോധനയിൽ ഡ്രൈവർക്ക് പരിക്കില്ല. നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ ദേശീയപാതയിൽ അപകടങ്ങളും മരണങ്ങളും തുടർക്കഥയാകുന്നതായി പരാതിയുണ്ട്.