വൈപ്പിൻ: ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ നടത്തുന്ന ചതയദിന ഘോഷയാത്ര ഇന്ന് വൈകിട്ട് 3ന് കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ക്ഷേത്ര മൈതാനിയിൽ നിന്ന് ആരംഭിക്കും. വിവിധ വാദ്യമേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്ര വൈകീട്ട് 6ന് ചെറായി ശ്രീനാരായണ നഗറിലെത്തി ഗുരുമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി സമാപിക്കും. തുടർന്ന് എസ്.എൻ.ഡി.പി യോഗത്തിന്റെയും വിജ്ഞാനവർദ്ധിനി സഭയുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന ചതയദിന സാംസ്‌കാരിക സമ്മേളനം ഗൗരീശ്വരം ഓഡിറ്റോറിയത്തിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും.
വി.വി സഭ പ്രസിഡന്റ് കെ.കെ. പരമേശ്വരൻ അദ്ധ്യക്ഷനാകും. യോഗം ലീഗൽ അഡ്വവൈസർ അഡ്വ. എ.എൻ. രാജൻ ബാബു, യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, സെക്രട്ടറി ടി.ബി. ജോഷി , സഭ സെക്രട്ടറി ഷെല്ലി സുകുമാരൻ, പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ , യൂണിയന്റെയും സഭയുടെയും ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിക്കും. അഡ്വ.എൻ.എൻ. ഗോപാലൻ സ്മാരക അവാർഡുകളും പി.ഡി. ശ്യാംദാസ് സ്മാരക ട്രോഫികളും സമ്മേളനത്തിൽ സമ്മാനിക്കും.