മട്ടാഞ്ചേരി: വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചുള്ളിക്കൽ സ്വദേശി എ.ആർ. ഷമീറിനെയാണ് (24) മട്ടാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.എ. ഷിബിൻ, എസ്.ഐ ജിമ്മി ജോസ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
ഞായറാഴ്ച രാത്രി കപ്പലണ്ടിമുക്ക് ജവഹർ റോഡിലാണ് സംഭവം. എസ് .ഐയും സംഘവും നടത്തിയ വാഹന പരിശോധനയ്ക്കിടെ ഹെൽമെറ്റില്ലാതെ എത്തിയ ഇയാളെ തടഞ്ഞുനിറുത്തി പരിശോധിച്ചപ്പോൾ മദ്യപിച്ചതായി കണ്ടെത്തി. തുടർന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കവേ ഇയാൾ പൊലീസിനെ അക്രമിക്കുകയായിരുന്നു. തുടർന്ന് ബലമായി സ്റ്റേഷനിൽ എത്തിച്ചെങ്കിലും ഇവിടെവച്ചും അസഭ്യം പറയുകയും അക്രമിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ സന്തോഷ്, സീനിയർ സി.പി.ഒ മനേഷ്, സി.പി.ഒമാരായ അബു താലിബ്, അഫ്സൽ, സജിത്‌മോൻ തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.