കൊച്ചി: എറണാകുളം തേവയ്ക്കലിൽ 19കാരിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കങ്ങരപ്പടി കണിയാത്ത് വീട്ടിൽ സുരേന്ദ്രന്റെ മകൾ അമൃതയുടെ മൃതദേഹമാണ് ഇന്നലെ രാവിലെ കണ്ടെത്തിയത്. എടത്തല എം.ഇ.എസ് കോളേജിലെ ബി.ബി.എ വിദ്യാർത്ഥിനിയാണ്.
ഞായറാഴ്ച അർദ്ധരാത്രിവരെ മുറിയിലിരുന്ന് പഠിച്ചിരുന്ന പെൺകുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ വീടിന് താഴ്ഭാഗത്തുള്ള മുനിസിപ്പാലിറ്റിയുടെ കുളത്തിന് സമീപം ചെരുപ്പ് കണ്ടെത്തി. തുടർന്ന് പൊലീസിനെയും ഫയർഫോഴ്‌സിനേയും അറിയിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. സംസ്‌കാരം നടത്തി. മാതാവ്: ശ്യാമള, സഹോദരൻ: അതുൽ സുരേന്ദ്രൻ. പൊലീസ് അന്വേഷണം തുടങ്ങി. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം.