ആലുവ: യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യംചെയ്തതിനെ തുടർന്ന് ആലുവ റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറെ പാർക്കിംഗ് ഏരിയയ്ക്ക് സമീപമുണ്ടായ തർക്കത്തിനിടെ കോഴിക്കോട് താമസിക്കുന്ന തമിഴ്നാട് സ്വദേശി മുരളിക്ക് (32) വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശി ടിന്റോ (29), കോട്ടയം സ്വദേശിനി ബിജിമോൾ (29) എന്നിവരെ ആലുവ പൊലീസ് അറസ്റ്റുചെയ്തു.

ഇന്നലെ വൈകിട്ട് മൂന്നോടെയാണ് സംഭവം. ശരീരത്തിന്റെ പിന്നിലും കൈയിലുമായി നാല് വെട്ടേറ്റ മുരളിയെ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പൊലീസ് പറയുന്നത്: ബിജിയോട് മുരളി അപമര്യാദയായി പെരുമാറിയത് ടിന്റോ ചോദ്യം ചെയ്തപ്പോൾ മുരളിയുടെ സുഹൃത്ത് ശെൽവിയും ഇടപെട്ടു. ഇതോടെ തർക്കം രൂക്ഷമായി. ഇതിനിടയിൽ മുരളി ബാഗിലുണ്ടായിരുന്ന വാക്കത്തിയെടുത്ത് ടിന്റോയെ വെട്ടാൻ ശ്രമിച്ചു. ഇതുപിടിച്ചുവാങ്ങി ടിന്റോ മുരളിയെ തിരിച്ചുവെട്ടുകയായിരുന്നു. ടിന്റോയ്ക്കും ബിജിമോൾക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു.