kumaraswami
കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി, മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എം.പി തുടങ്ങിയവർ കളമശേരി എച്ച്.എം.ടി സന്ദർശനത്തിനിടെ

കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് ലിമിറ്റഡ് (എച്ച്.എം.ടി) സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്ര മന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. കളമശേരി എച്ച്.എം.ടി യൂണിറ്റ് സന്ദർശിച്ചശേഷം ജീവനക്കാരും തൊഴിലാളികളുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

വ്യവസായ മന്ത്രി പി.രാജീവ്, ഹൈബി ഈഡൻ എം.പി, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള, വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷ്, എച്ച്.എം.ടി ജനറൽ മാനേജർ എം.ആർ.വി. രാജ, ഡി.ജി.എം ശ്രീകുമാർ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

എച്ച്.എം. ടിയുടെ പ്രതാപം വീണ്ടെടുക്കാൻ ആത്മാർത്ഥമായി ശ്രമിക്കുമെന്നും സാങ്കേതിക സമിതിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ പുനരുദ്ധാരണം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. അതോടെ എച്ച്.എം.ടി യുടെ പ്രശ്‌നങ്ങൾ അവസാനിക്കും.

പ്രൊഫഷണൽ മാനേജ്മെന്റിനെ നിശ്ചയിക്കുക, പുതിയ നിയമനങ്ങൾ എല്ലാ മേഖലകളിലും നടപ്പാക്കുക, ഫാക്ടറി ആധുനികവത്കരിക്കുക, വിരമിച്ച ജീവനക്കാരുടെ ആനുകൂല്യം പൂർണമായും നൽകുക, 2017ലെ ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേദനം ജീവനക്കാരും ഓഫീസേഴ്‌സ് അസോസിയേഷനും ചേർന്ന് മന്ത്രിക്ക് നൽകി.