ആലുവ: ശ്രീനാരായണ ഗുരുദേവ ജയന്തി ദിനത്തിൽ തൂമ്പയുമെടുത്ത് അദ്വൈതാശ്രമം വളപ്പ് കിളക്കുന്ന വൃദ്ധനെ കണ്ട് ഭക്തർ ചുറ്റും കൂടി. പ്രായം 85. ചുക്കിചുളിഞ്ഞ ശരീരം, നരച്ച് നീട്ടിവളർത്തിയ താടിയും മുടിയും, നടുവിന് ചെറിയ വളവുണ്ടെങ്കിലും ആറടിയോളം ഉയരം. ഒരു മാസത്തോളമായി ആലുവ അദ്വൈതാശ്രമത്തിൽ കഴിയുന്ന ഭാസ്കരൻ സ്വാമി ആശ്രമത്തിൽ കൃഷി ചെയ്യുന്ന തിരക്കിലാണ്. വെണ്ട, പയർ, പാവക്ക, പടവലങ്ങ എന്നിവ നട്ടുപരിപാലിച്ചു വരുന്നു.
അടുപ്പക്കാർ 'ഭാസ്കരൻ സ്വാമി'യെന്ന് സ്നേഹപൂർവം വിളിക്കുന്ന കണ്ണൂർ മാളൂർ തോലമ്പ്ര പുത്തൻപുര വീട്ടിൽ ചന്ദ്രോത്ത് സി. ഭാസ്കരന് കൃഷി ജീവിത ലഹരിയാണ്. സ്വന്തമായി തൂമ്പയെടുത്ത് പാടത്തും പറമ്പിലും കിളക്കും. പലതരം കൃഷിയിറക്കും. അതൊന്നും പണത്തിന് വേണ്ടിയല്ല. സ്വന്തം ചെലവിനായി പണം കണ്ടെത്തുന്നത് കൈയിൽ കരുതുന്ന പൽപ്പൊടിയും ചന്ദനത്തിരിയും വിറ്റാണ്.
എവിടെ താമസിച്ചാലും ഉച്ചവരെ കൃഷി. ഉച്ചയ്ക്ക് ശേഷം ഉപജീവനത്തിനായി ചന്ദനത്തിരി കച്ചവടം. നാട്ടിൽ മകൻ ബൈജു നിർമ്മിക്കുന്ന ചന്ദനത്തിരിയും പൽപ്പൊടിയുമാണ് സഞ്ചാരത്തിനൊപ്പം കരുതുക. തീരുമ്പോൾ തിരികെ നാട്ടിലേക്ക് മടങ്ങും. രണ്ട് ദിവസം കുടുംബത്തിനൊപ്പം താമസിച്ച ശേഷം വീണ്ടും കച്ചവട സാധനങ്ങളുമായി അടുത്ത കേന്ദ്രത്തിലേക്ക്. ആറ് മാസം മുമ്പ് വീട്ടിലെ തേക്ക് മരത്തിൽ നിന്നും വീണ് ചെറിയ പരിക്ക് പറ്റിയെങ്കിലും കൃഷിപ്പണി ഉപേക്ഷിക്കാൻ തയ്യാറായില്ല.
30 വർഷമായി സിദ്ധവിദ്യാർത്ഥി
സമാധിയായ സ്വാമി ശിവാനന്ദ പരമഹംസ സ്ഥാപിച്ച വടകര സിദ്ധാശ്രമത്തിൽ 30 വർഷമായി സിദ്ധവിദ്യാർത്ഥിയാണ് ഭസ്കരൻ സ്വാമി. വിഗ്രഹ ആരാധനയില്ല. സ്വന്തം ശരീരമാണ് ക്ഷേത്രമെന്നാണ് ഭാസ്കരൻ പറയുന്നത്. യാത്രയും പരിസര ശുചിത്വവും കൃഷിയുമാണ് തനിക്ക് ജീവിത ലഹരിയെന്നും ഭാസ്കരൻ പറയുന്നു. ഭാര്യ: വസന്ത. മക്കൾ: ശ്രീകല, ബീന, ബൈജു, ബിനേഷ്, ബിജേഷ്.