കൊച്ചി: ജോലി റവന്യൂ വകുപ്പിലാണെങ്കിലും കൃഷിയോടാണ് മൂവാറ്റുപുഴ ഇലക്ഷൻ ഡപ്യൂട്ടി തഹസീൽദാറായ ഇരുമ്പനം ചിത്രപ്പുഴ കൊല്ലംപറമ്പിൽ കെ.എം. അനിൽകുമാറിന് താത്പര്യം. ആ ഇഷ്ടം വിടാതെ കൂടെക്കൂട്ടിയപ്പോൾ തിരുവാങ്കുളം കൃഷിഭവന്റെ മികച്ച മട്ടുപ്പാവ് കർഷകനുള്ള ഈ വർഷത്തെ അവാർഡ് ചിങ്ങം ഒന്നിന് അനിൽകുമാർ സ്വന്തമാക്കി.
കുട്ടിക്കാലം മുതൽ കൃഷി ഇഷ്ടമായിരുന്നു. എന്നാൽ, നഗരത്തിൽ വീട് സ്വന്തമാക്കിയപ്പോൾ കൃഷി ചെയ്യാനുള്ള സ്ഥലമുണ്ടായില്ല. എന്നാൽ, കൃഷി മറന്നൊരു ജീവിതം സാധ്യമല്ലാത്തതു കൊണ്ട് മട്ടുപ്പാവിൽ കൃഷി എന്ന ആശയം നടപ്പിലാക്കാൻ തീരുമാനിച്ചു. 10 വർഷം മുമ്പ് 1500 ചതുരശ്ര അടിയുള്ള മട്ടുപ്പാവിൽ സ്ലാബ് വാർത്ത് കെട്ടി ഉയർത്തി മണ്ണിട്ട് നിറച്ച് കൃഷി ആരംഭിച്ചു. വെള്ളം തങ്ങി നിൽക്കാതിരിക്കാൻ ഷീറ്റിട്ടതിന് പുറമെ മഴമറയും നിർമ്മിച്ചിട്ടുണ്ട്. വെള്ളം ഒഴുകിപ്പോകാൻ ഓവുകളും നിർമ്മിച്ചു. ജൈവവളമാണ് പൂർണമായും ഉപയോഗിക്കുന്നത്.
മനസിന് കൃഷി, ശരീരത്തിന് ക്രിക്കറ്റ്
വീട്ടാവശ്യം കഴിഞ്ഞുള്ള പച്ചക്കറികൾ സഹോദരങ്ങളുടെ വീട്ടിലും പുറത്ത് കടയിലും വിൽക്കും. കൃഷി കഴിഞ്ഞാൽ തികഞ്ഞൊരു ക്രിക്കറ്റ് പ്രേമിയാണ് അനിൽകുമാർ. ആറുമണിയോടെ ദിവസം ആരംഭിക്കും. രാവിലെ അടുത്തുള്ള ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാൻ പോകും. നിരവധി ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുക്കുകയും മാൻ ഒഫ് ദി മാച്ച് ആവുകയും ചെയ്തിട്ടുണ്ട്. ക്രിക്കറ്റ് വ്യായാമമാണ്. തിരികെ വന്നാൽ മാനസികോല്ലാസത്തിന് കൃഷിയും. അനിൽകുമാർ സ്ഥലത്ത് ഇല്ലാത്ത ദിവസങ്ങളിൽ ഭാര്യ സ്മിതയും ഇരട്ടക്കുട്ടികളായ പാർവതിയും ലക്ഷ്മിയുമാണ് കൃഷിയുടെ പരിപാലനം ഏറ്റെടുത്തിരിക്കുന്നത്.
മട്ടുപ്പാവിൽ വിളയുന്നത്
പാവൽ, പടവലം, പീച്ചിൽ, മുളക്. പയർ, വെണ്ട, കോവൽ, ചാമ്പ, പേര, മാതളം, നാരകം, ഇഞ്ചി, തക്കാളി.
കൃഷി ഭവനിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. 2026ൽ സർവീസിൽ നിന്ന് വിരമിച്ചാൽ കൃഷിയിലേക്ക് പൂർണമായും ഇറങ്ങാനാണ് തീരുമാനം
എം. അനിൽകുമാർ