y

തൃപ്പൂണിത്തുറ: അസുഖവും സാമ്പത്തിക പ്രശ്നങ്ങളും കാര്യാൻ പെരുമ്പളത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയെ ബാധിച്ചില്ല. മരുന്നിനായി കരുതിയ 2000 രൂപ വയനാടിനായി കാര്യാൻ നൽകി.

തൊണ്ടയിൽ ഗുരുതരായ ക്യാൻസർ ബാധിച്ച് ശബ്ദം നഷ്ടപ്പെട്ട് ചികിത്സയിലാണ് കവി കാര്യാൻ പെരുമ്പളം. തൃപ്പൂണിത്തുറ എരൂർ ഇല്ലിക്കപ്പടിയിൽ വാടകവീട്ടിൽ കഴിയുന്ന കാര്യാൻ തുക വയനാടിലെ ദുരന്ത ബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കൂടാതെ വയനാട്ടിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഒരുക്കുന്ന വീടുകൾക്കായി ഒരു ഇലക്ട്രിക് ഫാനും കൈമാറി. കഴിഞ്ഞ രണ്ടു വർഷമായി അലട്ടുന്ന ക്യാൻസർ ചികിത്സയ്ക്ക് പണം കണ്ടെത്താൻ കഷ്ടപ്പെടുന്നതിനിടയിലാണ് കൈത്താങ്ങ്.

കവിയും നാടക പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ കാര്യാൻ രോഗശയ്യയിൽ കിടന്ന് എഴുതിയ തന്റെ നാലാമത്തെ കവിതാ സമാഹാരമായ 'വാതായനങ്ങൾ' സൈക്കിളിൽ കൊണ്ടു നടന്ന് വിറ്റുകിട്ടുന്ന തുച്ഛമായ തുക കൊണ്ടാണ് കഴിയുന്നത്. സുഹൃത്തുക്കളുടെ കാരുണ്യത്തിൽ മരുന്നിനും മറ്റും തുക കണ്ടെത്തുന്നു.

ഇതിനകം നാലു കവിതാ സമാഹാരങ്ങളും 27 ലേഖനങ്ങളും നിരവധി വിപ്ലവ ഗാനങ്ങളും പ്രസിദ്ധപ്പെടുത്തി. പൊതു വിഷയങ്ങളിൽ നിരവധി ഒറ്റയാൻ സമരങ്ങൾ നടത്തി ജനശ്രദ്ധ നേടിയിരുന്നു.

ഭാര്യ ജിജി തൈറോയിഡ്‌ രോഗത്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമത്തിലാണ്. അതിനിടെ വിദ്യാർത്ഥികളായ രണ്ടു മക്കളുടെ കോളേജ് ഫീസും അടയ്ക്കണം. സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത കുടുംബത്തിന്റെ പുണ്യ പ്രവൃത്തി സുഹൃത്തുക്കൾക്കിടയിലും സോഷ്യൽ മീഡിയയിലും വൈറലാണ്.