പെരുമ്പാവൂർ: വയനാട്ടിലെ ദുരിത ബാധിതർക്കായി ലോഷൻ വില്പന, പേപ്പർ ചലഞ്ച്, പ്ലാസ്റ്റിക് ബോട്ടിൽ ചലഞ്ച് എന്നിവയിലൂടെ തുക കണ്ടെത്തി വിദ്യാർത്ഥികൾ. ഇരിങ്ങോൾ ഗവ. വി.എച്ച്. എസ് സ്കൂൾ വിദ്യാർത്ഥികൾ സമാഹരിച്ച 12150 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് ഫണ്ട് കൈമാറി.
ഇരിങ്ങോൾ സ്കൂളിലെ വിദ്യാർത്ഥികളുടെയും പി.റ്റി.എ യുടെ മാതൃകാ പ്രവർത്തനങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റും ജൂനിയർ റെഡ് ക്രോസ് യൂണിറ്റും മറ്റ് ക്ലബുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്നാണ് ക്ലീനിംഗ് ലോഷൻ നിർമ്മിച്ച് വിറ്റത്.
നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസറും സ്റ്റാഫ് സെക്രട്ടറിയുമായ സമീർ സിദ്ദീഖിയും എഴാം ക്ലാസ് ലീഡറും സ്പോഴ്സ് ക്ലബ് സെക്രട്ടറിയുമായ റൈഹാനും കരിയർ മാസ്റ്റർ അഖില ലക്ഷ്മിയും ചേർന്ന് മുഖ്യ മന്ത്രി പിണറായി വിജയന് നേരിട്ട് ഫണ്ട് കൈമാറി. സ്കൂൾ പ്രിൻസിപ്പൽ ആർ.സി. ഷിമി, ഹെഡ്മിസ്ട്രസ് പി.എസ്. മിനി, ജെ.ആർ.സി കൗൺസിലർ കല വി. എസ്., പി.റ്റി.എ പ്രസിഡന്റ് എൽദോസ് വീണമാലി, എസ്.എം.സി ചെയർമാൻ അരുൺ പ്രശോഭ് മദർ പി.റ്റി.എ പ്രസിഡന്റ് സരിത രവികുമാർ തുടങ്ങിയവർ നേതൃത്വം നൽകി.