വൈപ്പിൻ: ശ്രീനാരായണഗുരുദേവന്റെ 170-ാം ജയന്തിദിനത്തിൽ വൈപ്പിൻ പള്ളിപ്പുറം സംസ്ഥാനപാതയിൽ പീതപതാകകളും വാദ്യമേളങ്ങളും കാവടികളും നിറഞ്ഞ് ചതയദിനമഹാഘോഷയാത്ര. എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ, ചെറായി വിജ്ഞാനവർദ്ധിനിസഭ, 21 ശാഖാ യോഗങ്ങൾ, വനിതാസംഘം യൂത്ത്മൂവ്‌മെന്റ്, വൈദികയോഗം, ശ്രീനാരായണ എംപ്ലോയീസ് ഫോറം, ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ, കുമാരിസംഘം, കുടുംബയൂണിറ്റുകൾ, മൈക്രോസംഘങ്ങൾ, സൈബർ സേന തുടങ്ങിയ ശ്രീനാരായണ സ്ഥാപനങ്ങൾ നടത്തിയ ഘോഷയാത്ര ഇന്നലെ വൈകീട്ട് 3.30ന് കുഴുപ്പുള്ളി പള്ളത്താംകുളങ്ങര ക്ഷേത്രമൈതാനിയിൽ നിന്ന് പുറപ്പെട്ടു.
യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, സെക്രട്ടറി ടി.ബി. ജോഷി, വൈസ് പ്രസിഡന്റ് കെ.വി സുധീശൻ, യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ, യൂണിയൻ കൗൺസിലർമാരായ കണ്ണദാസ് തടിക്കൽ, സി.വി. ബാബു, സി.കെ. ഗോപാലകൃഷ്ണൻ, എൻ. കെ. സുരേന്ദ്രൻ, വനിതാ സംഘം കേന്ദ്ര സമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, പോഷക സംഘടന ഭാരവാഹികൾ, വിജ്ഞാനവർദ്ധിനി സഭ ഭാരവാഹികൾ എന്നിവർ ഘോഷയാത്രയെ നയിച്ചു.
ചെണ്ടമേളം, തകിൽ മേളം, ബാൻഡ് മേളങ്ങൾ, നിശ്ചലദൃശ്യങ്ങൾ എന്നിവയോടെ നീങ്ങിയ ഘോഷയാത്രയിൽ പീതവസ്ത്രങ്ങൾ അണിഞ്ഞ് ആയിരക്കണക്കിന് വനിതകൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഘോഷയാത്ര വൈകിട്ട് 6 മണിയോടെ ചെറായി ശ്രീനാരായണ നഗരിയിലെത്തി ഗുരുമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി സമാപിച്ചു.
തുടർന്ന് ഗൗരീശ്വരം ഓഡിറ്റോറിയത്തിൽ ജയന്തിദിന സാംസ്‌കാരിക സമ്മേളനം വൈദീക യോഗം പ്രസിഡന്റ് എം.ജി. രാമചന്ദ്രൻ ശാന്തിയുടെ ഗുരു സ്മരണയോടെ ആരംഭിച്ചു. സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. വി.വി സഭ പ്രസിഡന്റ് കെ.കെ. പരമേശ്വരൻ അദ്ധ്യക്ഷനായി. കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ അവാർഡ് വിതരണം യോഗം ലീഗൽ അഡ്‌വൈസർ അഡ്വ. എ.എൻ. രാജൻ ബാബു നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ ചതയദിന സന്ദേശം നല്കി. സെക്രട്ടറി ടി.ബി. ജോഷി, സഭ സെക്രട്ടറി ഷെല്ലി സുകുമാരൻ, സ്‌കൂൾ മാനേജർ അഡ്വ. കെ.ബി. നിതിൻകുമാർ, ട്രഷറർ റെജി ഓടാശേരി, യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി. സുധീശൻ, യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, കെ.പി. കൃഷ്ണകുമാരി, ഉഷ സോമൻ, ആശ ദേവദാസ് എന്നിവർ പ്രസംഗിച്ചു.
യോഗം മുൻ ഡയറക്ടർ അഡ്വ. എൻ.എൽ. ഗോപാലന്റെ സ്മരണക്കായുള്ള വിദ്യാഭ്യാസ അവാർഡുകളും യൂണിയൻ മുൻ സെക്രട്ടറി പി.സി. ശ്യാംദാസിന്റെ സ്മരണക്കായുളള ട്രോഫികളും സമ്മേളനത്തിൽ സമ്മാനിച്ചു.