അങ്കമാലി: വ്യാജ വായ്പകളിലൂടെ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത അങ്കമാലി അർബൻ സഹകരണ സംഘത്തിലെ ഭരണസമിതി അംഗങ്ങളുടെ ഭീഷണിയെത്തുടർന്ന് സംഘം സെക്രട്ടറി രാജി വച്ചു. കോടി കണക്കിന് രൂപ ലോൺ കൂടിശിക വരുത്തിയിരിക്കുന്ന ഒരു ബോർഡ് അംഗത്തിനെതിരെയാണ് പരാതി. തനിക്ക് ലോൺ കുടിശിക ഒന്നുമില്ലെന്ന് എഴുതിത്തരണമെന്ന് ആവശ്യപ്പെട്ടാണ് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയത്.
ബോർഡ് അംഗത്തിന്റെ നടപടിയിൽ പ്രതിഷേധിച്ചും ഭരണസമിതിഅംഗങ്ങളെ അറസ്റ്റ് ചെയ്യണെമെന്നാവശ്യപ്പെട്ടും അർബൻ സർവീസ് സഹകരണ സംഘം നിക്ഷേപക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ സംഘത്തിനു മുന്നിൽ പ്രതിഷേധകൂട്ടായ്മ നടത്തി.
സംരക്ഷണ സമിതി പ്രസിഡന്റ് പി.എ.തോമസ് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളെ അറസ്റ്റ് ചെയ്ത് സ്വത്തുക്കൾ ലേലം ചെയ്യുന്നതുവരെ ബാങ്കിനു മുന്നിൽ സത്യഗ്രഹം നടത്തും. സത്യഗ്രഹ സമരത്തിൽ വൈസ് പ്രസിഡന്റ് സി.പി. സെബാസ്റ്റ്യൻ അദ്ധ്യക്ഷനായിരുന്നു. സംരക്ഷണ സമിതി സെക്രട്ടറി യോഹന്നാൻ കൂരൻ ,നേതാക്കളായ സി.പി.ഐ. മണ്ഡലം സെക്രട്ടറി മുകേഷ് വാര്യർ, ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് എൻ. മനോജ്, കൗൺസിലർമാരായ എ.വി.രഘു, സന്ദീപ് ശങ്കർ, സംരക്ഷണ സമിതി നേതാക്കളായ മാർട്ടിൻ മൂഞ്ഞേലി ജോസ് സെബാസ്റ്റ്യൻ, പൗലോസ് വടക്കുംഞ്ചേരി, ചെറിയാക്കു കൊറ്റമം തുടങ്ങിയവർ പ്രസംഗിച്ചു.