sndp

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തെ പീതവർണത്തിൽ നിറച്ച് ആയിരങ്ങൾ അണിനിരന്ന ശ്രീനാരായണ ഗുരുദേവ ജയന്തി മഹാഘോഷയാത്ര. മണിക്കൂറുകൾ നീണ്ടുനിന്ന ഘോഷയാത്ര നഗരത്തെ മഞ്ഞക്കടലാക്കി. ഇന്നലെ ഉച്ചയോടെ 33 ശാഖകളിൽ നിന്ന് ആയിരക്കണക്കിന് ശ്രീനാരായണീയർ മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ജംഗ്ഷനിലേക്ക് ഒഴുകിയെത്തി. തുടർന്ന് മൂന്നരയോടെ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ നിന്ന് യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. എൻ. രമേശ്, പ്രമോദ് കെ. തമ്പാൻ എന്നിവരുടെ നേതൃത്വത്തിൽ ഗുരുദേവ ജയന്തി ഘോഷയാത്രക്ക് തുടക്കമായി.

ശാഖകളുടെ ബാനറുകൾക്ക് പിന്നിൽ ശ്രീനാരായണീയർ അണിനിരന്നു. പൂക്കാവടി, ആട്ടക്കാവടി, തെയ്യം, അർദ്ധനാരീശ്വരൂപം, ഗുരുദേവ വിഗ്രഹം വഹിക്കുന്ന രഥങ്ങൾ, മഞ്ഞക്കൊടികൾ, മഞ്ഞക്കുടകൾ, ഗുരുദേവ ചിത്രങ്ങൾ, കലാരൂപങ്ങൾ, നിശ്ചലദൃശ്യങ്ങൾ, വിവിധ വാദ്യമേളങ്ങൾ തുടങ്ങിയവ ഘോഷയാത്രയ്ക്ക് മിഴിവേകി. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ പി.ഒ ജംഗ്ഷൻ, കച്ചേരിത്താഴം, ബി.ഒ.സി, വെള്ളൂർക്കുന്നം എന്നിവ ചുറ്റിയെത്തിയ ഘോഷയാത്ര മൂവാറ്റുപുഴ ടൗൺഹാളിലെ ഗുരുദേവ നഗറിൽ സമാപിച്ചു. തുടർന്ന് നടന്ന മഹാജയന്തിസമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ സ്വാഗതം പറഞ്ഞു. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ചതയ ദിനസന്ദേശവും സമ്മാനദാനവും കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടുറിക്കലും വിദ്യാഭ്യാസ അവാർഡ് ദാനം നഗരസഭ ചെയർമാൻ പി.പി. എൽദോസും നിർവഹിച്ചു. വാർഡ് കൗൺസിലർ ജിനു മടേക്കൽ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ.എൻ. രമേശ് , പ്രമോദ് കെ. തമ്പാൻ എന്നിവർ സംസാരിച്ചു. യൂണിയൻ കൗൺസിലർമാരായ പി.ആർ. രാജു, എം.ആർ. നാരായണൻ, ടി.വി. മോഹനൻ, അനിൽ കാവുംചിറ, യൂണിയൻ പഞ്ചായത്ത് സമിതി അംഗങ്ങളായ എം.എസ്. വിത്സൻ, എൻ.ആർ. ശ്രീനിവാസൻ, പെൻഷണേഴ്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ. രാജൻ, സെക്രട്ടറി എം.എസ്. ഷാജി, യൂണിയൻ വനിതാസംഘം പ്രസിഡന്റ് നിർമ്മല ചന്ദ്രൻ, സെക്രട്ടറി ഭാനുമതി ഗോപി നാഥൻ, എംപ്ലോയ്സ് ഫോറം പ്രസിഡന്റ് കെ.ജി. അരുണകുമാർ, സെക്രട്ടറി ടി.എൻ. സുനിൽകുമാർ, യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.ആർ. സിനോജ്, സെക്രട്ടറി പി.എസ്. ശ്രീജിത്ത്, സൈബർ സേനാ മേധാവി കെ.എ. ദീപു എന്നിവർ പങ്കെടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ നന്ദി പറഞ്ഞു.