ആലുവ: ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റ ആലുവ അദ്വൈതാശ്രമത്തിൽ ഗുരുദേവ ജയന്തിയാഘോഷം വിവിധ പരിപാടികളോടെ ഭക്തിസാന്ദ്രമായി നടന്നു. നൂറുകണക്കിന് ഭക്തർ രാവിലെ മുതൽ നടന്ന ചടങ്ങുകളിൽ പങ്കെടുക്കാനെത്തി.
പുലർച്ചെ 4.30ന് ക്ഷേത്രം മേൽശാന്തി പി.കെ. ജയന്തന്റെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ പൂജയോടെ ചടങ്ങുകളാരംഭിച്ചു. തുടർന്ന് മഹാജയന്തി, ഗുരുപൂജ, സമൂഹപ്രാർത്ഥന എന്നിവയും 8.30ന് പീതപതാക ഉയർത്തലും നടന്നു. തുടർന്ന് ഗുരുദേവ കൃതികളുടെ പാരായണം, സത്സംഗം, ഉച്ചയ്ക്ക് മഹാഗുരുപൂജ, പ്രസാദ വിതരണം, വൈകിട്ട് ഗുരുപൂജ, ദീപാരാധന, സമൂഹപ്രാർത്ഥന എന്നിവയും നടന്നു.
അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, സ്വാമിനി മാതാ നാരായണ ദർശനമയി, സ്വാമിനി മാതാ നാരായണ ചിദ് വിലാസിനി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.