കൊച്ചി: മുപ്പത്തടം ദക്ഷിണകൈലാസം ശ്രീ ചന്ദ്രശേഖരപുരം ശിവക്ഷേത്ര ട്രസ്റ്റ് സാംസ്‌കാരിക വിഭാഗമായ ദക്ഷിണകൈലാസം അക്ഷരശ്ലോകസമിതിയുടെ ഇടപ്പള്ളി കുറൂർ ആര്യ അന്തർജ്ജനം സ്മാരക ശ്ലോകാചാര്യ പുരസ്‌കാരത്തിന് കോഴിക്കോട് അക്ഷരശ്ലോക കലാസമിതിയുടെ സ്ഥാപകസെക്രട്ടറിയും രക്ഷാധികാരിയുമായ കെ. ശങ്കരനാരായണൻ അർഹനായി.
നിരവധി ശ്ലോകങ്ങളും കീർത്തനങ്ങളും രചിച്ചിട്ടുള്ള ഇടപ്പള്ളി കുറൂർ ആര്യ അന്തർജ്ജനത്തിന്റെ പേരിൽ പി. വി. കൃഷ്ണൻ കുറൂർ ശ്രീചന്ദ്രശേഖരപുരം ക്ഷേത്രട്രസ്റ്റിനെ ഏല്പിച്ച എൻഡോവ്‌മെന്റ് തുകയിൽനിന്ന് വർഷംതോറും പുരസ്കാരം നൽകും.
അഖില കേരളാടിസ്ഥാനത്തിൽ നടന്ന വിവിധ അക്ഷരശ്ലോക മത്സരങ്ങളിൽ സമ്മാനിതനായിട്ടുള്ള ശങ്കരനാരായണൻ ഒട്ടേറെപ്പേരെ ഈ രംഗത്തേയ്ക്ക് കൈപിടിച്ചുയർത്തിയിട്ടുണ്ട്. അക്ഷരശ്ലോകത്തെ സ്‌കൂൾ കലോത്സവ മത്സര ഇനമായി ഉൾപ്പെടുത്തുന്നതിൽ നിരന്തരം പരിശ്രമിച്ചു.
24ന് കോഴിക്കോട് ചാലപ്പുറത്തെ ഭാരതീയ വിചാരകേന്ദ്രം ഹാളിൽ കോഴിക്കോട് അക്ഷരശ്ലോക കലാസമിതിയുമായി സഹകരിച്ച് നടത്തുന്ന പൊതുസമ്മേളനത്തിൽ ദക്ഷിണകൈലാസം ശ്ലോകസമിതി കൺവീനർ എസ്.ആർ. നായർ പുരസ്‌കാര കൈമാറും.