പറവൂർ: പാലാതുരുത്ത് - മുണ്ടുരുത്ത് ഗുരുദേവ സംഘമിത്രയിൽ ശ്രീനാരായണ ജയന്തിദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗുരുമണ്ഡപത്തിൽ വിശേഷാൽപൂജ, സമൂഹപ്രാർത്ഥന, ഗുരുപുഷ്പാഞ്ജലി എന്നിവ നടന്നു. തിരുഅവതാര ആരതിപൂജക്ക് ശിവഗിരിമഠത്തിലെ പ്രണവസ്വരൂപാന്ദസ്വാമികൾ കാർമ്മികത്വം വഹിച്ചു. ചതയദിന സമ്മേളനം എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘമിത്ര വൈസ് ചെയർമാൻ കെ.എസ്. സ്വാമിനാഥൻ അദ്ധ്യക്ഷനായി. ഡോ. എം.എം. ബഷീർ അനുഗ്രഹപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു. സംഘമിത്ര സെക്രട്ടറി എം.എം. പവിത്രൻ, ട്രഷറർ എം.ആർ. സുനിൽ തുടങ്ങിയവർ സംസാരിച്ചു.