കോലഞ്ചേരി: എം.സി റോഡ് മണ്ണൂരിലെ അപകടപരമ്പര പരിഹാരത്തിന് പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടുന്നു. ഇതു സംബന്ധിച്ച് തുടർച്ചയായി കേരള കൗമുദി നൽകിയ വാർത്തകളും റോഡ് കുരുതിക്കളമാകുന്നത് സംബന്ധിച്ച് പരാതിയും പ്രദേശവാസിയായ ജയശേഖർ മന്ത്രിയ്ക്ക് നൽകിയിരുന്നു. ഇതോടെയാണ് അടിയന്തിരമായി റോഡ്സ് വിഭാഗം മെയിന്റനൻസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അജയ്ഘോഷ് പരാതിക്കാരനിൽ നിന്ന് നേരിട്ട് മൊഴിയെടുത്തത്. മണ്ണൂർ പടിഞ്ഞാറെ കവലയിലും കിഴക്കെ കവലയിലും എം.സി റോഡിലേയ്ക്ക് കയറുന്ന ഭാഗത്ത് സിഗ്നൽ സംവിധാനം സ്ഥാപിക്കാനുള്ള തീരുമാനമെടുക്കാൻ ട്രാഫിക് സേഫ്റ്റി മീറ്റിംഗ് ചേർന്ന ശേഷം നടപടിയെടുക്കുമെന്നാണ് പരാതിക്കാരന് ഉറപ്പ് ലഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് , പൊലീസ്, മോട്ടോർ വാഹനവകുപ്പ്, പൊതുമരാമത്ത് വിഭാഗം എൻജിനീയർമാർ ഉൾപ്പെടുന്ന യോഗം ഉടനടി വിളിച്ച് നടപടികൾ ദ്രുത ഗതിയിൽ പൂർത്തിയാക്കും.
മൂവാറ്റുപുഴ ഭാഗത്ത് നിന്ന് പെരുമ്പാവൂരിലേയ്ക്ക് പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് പടിഞ്ഞാറെ, കിഴക്കേ കവലകളിൽ നിന്ന് എം.സി റോഡിലേയ്ക്ക് കടക്കുന്ന വാഹനങ്ങളെ വളവിലെത്തുമ്പോൾ മുൻകൂട്ടി കാണാൻ കഴിയാത്തത് അപകടങ്ങളുണ്ടാക്കുന്നുണ്ട്. വളവുതിരിഞ്ഞ് വരുമ്പോഴാകും വാഹനങ്ങൾ ശ്രദ്ധയിൽപ്പെടുന്നത്. പെട്ടെന്നുള്ള ബ്രേക്കിടലും വാഹനം വെട്ടിച്ചുമാറ്റാനുള്ള ശ്രമവും അപകടത്തിൽ കലാശിക്കുകയാണ് പതിവ്. ഹൈറേഞ്ചിൽ നിന്നും കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നും നെടുമ്പാശേരി എയർപോർട്ടിലേയ്ക്ക് പോകുന്ന പ്രധാന റോഡാണിത്. ശബരിമല സീസൺ തുടങ്ങിയാൽ ഏറ്റവും തിരക്കേറുന്ന റോഡുകളിൽ ഒന്നുമാണിത്.
റോഡിലെ വളവുകളെക്കുറിച്ചറിയാതെ എത്തുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതിൽ അധികവും ആധുനിക നിലവാരത്തിൽ പണി പൂർത്തിയാക്കിയതാണ് എം.സി റോഡ് നിർമ്മാണകാലത്തു തന്നെ അപകടകരമായ വളവുകൾ കാരണം റോഡിൽ നിരവധി ജീവനുകൾ പൊലിഞ്ഞിരുന്നു
ട്രാഫിക് സേഫ്റ്റി മീറ്റിംഗിൽ
പ്രതീക്ഷിക്കുന്നത്
1. എം.സി റോഡിലുള്ള ബസ് സ്റ്റോപ്പ് മാറ്റുന്നത്
2. വൺവെ ഏർപ്പെടുത്തുന്നത്
3 സിഗ്നൽ സ്ഥാപിക്കുന്നതിന് സ്പോൺസർമാരെ കണ്ടെത്തുന്ന കാര്യം
റോഡിനെ കുരുതിക്കളമാക്കുന്നത് മണ്ണൂരിൽ കിഴക്കെ കവല മുതൽ കീഴില്ലം അമ്പലംവരെയുള്ള വളവുകളും കയറ്റിറക്കങ്ങളും റോഡ് നിർമ്മാണഘട്ടത്തിൽ ഭൂവുടമകളായ ചിലരുടെ നിക്ഷിപ്ത താത്പര്യങ്ങൾക്ക് വഴങ്ങി അലൈൻമെന്റ് മാറ്റിയതാണ് അപകടങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം