കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് വൈകാൻ കാരണം സി​നി​മയിലെ 15 അംഗ പവർഗ്രൂപ്പാണെന്ന് സംവിധായകൻ വിനയൻ പറഞ്ഞു. 15 വർഷം മുമ്പ് താൻ ഈ പവർഗ്രൂപ്പിനെക്കുറിച്ച് പറഞ്ഞിരുന്നു. അന്ന് തന്നെ ഒതുക്കാൻ ശ്രമിച്ചവരാണ് പവർഗ്രൂപ്പ്. ഇവരുടെ പേരറിയാമെങ്കിലും പുറത്തുപറയാൻ ആഗ്രഹിക്കുന്നില്ല.

പുതിയ തലമുറയ്ക്ക് സിനിമയിലേക്ക് വരുന്നതിന് ആശങ്കയുണ്ടാക്കുന്നതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. പല സിനിമാക്കാരും മന്ത്രിമാരും ഇതിനെ ലഘൂകരിക്കുന്നത് കണ്ടു. സിനിമ കോൺക്ലേവ് വിളിച്ചാൽ സഹകരിക്കും. അത് നയിക്കുന്നത് ഈ പവർ ഗ്രൂപ്പാണെങ്കിൽ പ്രതിഷേധിക്കും. 'പത്തൊമ്പതാം നൂറ്റാണ്ടി"നുശേഷം തനിക്ക് സിനിമ ചെയ്യാൻ പറ്റാത്തതിന് പിന്നിൽ ഇവരുടെ കളികളാണ്. റിപ്പോർട്ടുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. അതിക്രമങ്ങൾ കാണിക്കുന്നവരുടെ ബലം കുറയുമെന്ന് മാത്രം. എങ്കിലും കമ്മിറ്റി നിർദ്ദേശങ്ങൾ നടപ്പാക്കണം. സിനിമയിലെ സംഘടനകൾ ശക്തമായ നിലപാടെടുത്താൽ മാറ്റമുണ്ടാകും.

മാക്ട തകർക്കുന്നതിന് പിന്നിൽ ഒരു നടനാണെന്ന് പത്രത്തിൽ കണ്ടു. 2008 ജൂലായിൽ എറണാകുളം സരോവരം ഹോട്ടലിൽ പ്രമുഖരുടെ മീറ്റിംഗുണ്ടായിരുന്നു. അവിടെവച്ചാണ് മാക്ട തകർക്കാൻ തീരുമാനി​ച്ചത്. അന്ന് ആവേശത്തോടെ പ്രസംഗിച്ച പവർ ഗ്രൂപ്പിലുള്ള 15 പേർ തന്നെയാണ് മലയാള സിനിമയിലെ തെമ്മാടിത്തരങ്ങളെ പിന്തുണയ്ക്കുന്നത്.

തിലകനെ ഒതുക്കാൻ ശ്രമിച്ചപ്പോൾ സഹായിക്കണമെന്നാവശ്യപ്പെട്ട് അന്ന് എം.എ. ബേബിയെ കണ്ടപ്പോൾ സമയമായില്ലെന്നായിരുന്നു മറുപടി. സമയമായപ്പോഴേക്കും തിലകൻ മരിച്ചിരുന്നു. മാഫിയക്ക് മുന്നിൽ കീഴടങ്ങാൻ തയ്യാറാകാത്തതുകൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും വിനയൻ പറഞ്ഞു.