മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ എച്ച് വൺ എൻ വൺ പനിയും. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവാവിനാണ് അസുഖം കണ്ടെത്തിയത്. മറ്റ് ചിലർ കൂടി സമാന രോഗലക്ഷണവുമായി ചികിത്സ തേടിയിട്ടുണ്ടെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല.

പനി, ചുമ, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ജലദോഷപ്പനി രണ്ടുദിവസത്തിനുള്ളിൽ കുറയാതിരുന്നാൽ ഉടൻ ഡോക്ടറെ കാണണം. ശ്വാസതടസം, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടായാലും ചികിത്സ തേടാൻ വൈകരുത്‌. വായുവഴി പകരുന്നതിനാൽ രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക. ലഘുവായ ഭക്ഷണക്രമവും വെള്ളവും ആവശ്യത്തിന് വിശ്രമവുമാണ് പ്രധാനം. ഗർഭിണികൾ, പ്രായമായവർ, ചെറിയ കുട്ടികൾ, മറ്റു ഗുരുതര രോഗങ്ങളുള്ളവർ കൂടുതൽ ശ്രദ്ധിക്കണം. രോഗമുള്ളവർ സ്കൂൾ, ഓഫീസ് എന്നിവിടങ്ങളിൽനിന്ന്‌ വിട്ടു നിൽക്കണമെന്നും ഡോക്ടർമാർ അറിയിച്ചു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എച്ച് വൺ എൻ വൺ പനിക്ക് ആവശ്യമായ ചികിത്സ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.