sndp
ഉദയംപേരൂർ ശ്രീനാരായണ വിജയ സമാജം എസ്.എൻ.ഡി.പി.ശാഖയുടെ ആഭിമുഖ്യത്തിൽ 170-ാമത് ഗുരുദേവ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രകൃതി സംരക്ഷണ സന്ദേശ യാത്ര.

കൊച്ചി: ഉദയംപേരൂർ ശ്രീനാരായണ വിജയസമാജം എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളംബരം ചെയ്തുകൊണ്ടുള്ള പ്രകൃതിസംരക്ഷണ സന്ദേശയാത്ര സംഘടിപ്പിച്ചു. യാത്ര ശാഖയുടെ തെക്ക് കണ്ണേമ്പിള്ളി ഗുരുമണ്ഡപം, വടക്ക് ശ്രീമുരുക കാവടിസംഘം ഗുരുമണ്ഡപം എന്നിവിടങ്ങളിൽ നിന്നാരംഭിച്ച് ശാഖാങ്കണത്തിൽ സമാപിച്ചു.

തുടർന്ന് സമൂഹപ്രാർത്ഥനയ്ക്കും ഗുരുപൂജയ്ക്കുംശേഷം ശാഖാംഗങ്ങൾ പ്രകൃതി സംരക്ഷണ പ്രതിജ്ഞയെടുത്തു. ശാഖാ പ്രസിഡന്റ് എൽ. സന്തോഷ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശാഖ നൽകുന്ന സഹായധനം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് ശാഖാ സെക്രട്ടറി ഡി. ജിനുരാജിൽനിന്ന് ഏറ്റുവാങ്ങി. വയനാട് ദുരന്തഭൂമിയിൽ രക്ഷാദൗത്യത്തിൽ പങ്കാളിയായ സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ ആർ. അജയകുമാറിനെയും
ദുരന്തത്തിനിരയായവർക്കുള്ള പുനരധിവാസത്തിന് കണ്ണൂർ ചെറുപുഴയിൽ 12 സെന്റ് സ്ഥലം വിട്ടുനൽകിയ ഉദയംപേരൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസിലെ ആറാംക്ലാസ് വിദ്യാർത്ഥിനി എസ്. ആരുഷിയേയും കുടുംബാംഗങ്ങളേയും സമാപന ചടങ്ങിൽ ആദരിച്ചു.