കൊച്ചി: ശതാഭിഷിക്തനായ സംഗീത സംവിധായകൻ ജെറി അമൽദേവിന് ആദരമൊരുക്കി മലയാള പിന്നണി ഗായകരുടെ സംഘടനയായ ' സമം '. കൊച്ചിൻ ഐ.എം.എയുടെ സഹകരണത്തോടെ കലൂർ ഐ.എം.എ ഹൗസിൽ നടന്ന ചടങ്ങിൽ ഗായകരായ കെ.എസ്. ചിത്ര, കെ.ജി. മാർക്കോസ്, കൃഷ്ണ ചന്ദ്രൻ, ലതിക എന്നിവർ ചേർന്ന് സമത്തിന്റെ ഉപഹാരം അദ്ദേഹത്തിന് കൈമാറി. മാക്ട ഫെഡറേഷൻ ജനറൽ സെക്രട്ടറിയും സംവിധായകനുമായ എം. പത്മകുമാർ, നടൻ ശങ്കർ തുടങ്ങിയവർ സംസാരിച്ചു. ജെറി അമൽ ദേവ് സംഗീത സംവിധാനം നിർവ്വഹിച്ച സൂപ്പർ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് സമത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ സാന്ദ്രലയം സംഗീത പരിപാടിയും നടന്നു. ചിത്രയ്ക്കും മാർക്കോസിനും പുറമേ വിജയ് യേശുദാസ്, ജ്യോത്സന, അഫ്സൽ, സുദീപ്കുമാർ, രാജശ്രീ തുടങ്ങിയ ഗായകർ ജെറി അമൽദേവിന് ആദരമർപ്പിച്ച് ഗാനങ്ങൾ ആലപിച്ചു.