കൊച്ചി: കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ജോലിസ്ഥലത്ത് പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മെഡിക്കൽ രംഗത്തെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വ്യാപകമായ ആശങ്കകൾ ഉയരുന്ന പശ്ചാത്തലത്തിൽ വി.പി.എസ് ലേക്ഷോർ ആശുപത്രിയിലെ എല്ലാ ജീവനക്കാർക്കും ആയോധന കലയിൽ പരിശീലനം നൽകാനുള്ള പദ്ധതി ആരംഭിച്ചു. 50 ലക്ഷം രൂപ ചെലവിലാണ് പദ്ധതി.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്തുടനീളമുള്ള സ്ത്രീകൾക്ക് ആയോധനകലയിൽ പരിശീലനം നൽകും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും സർക്കാർ പിന്തുണയോടെയുമാണ് പദ്ധതി.

ആശുപത്രി ജീവനക്കാരല്ലാത്ത എല്ലാ സ്ത്രീകൾക്കും സുരക്ഷാ കിറ്റുകൾ വിതരണം ചെയ്യും. ശിശു, വനിതാ ക്ഷേമ സമിതികൾ ഉൾപ്പെടെ വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് ആശുപത്രിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ലൈംഗിക വിദ്യാഭ്യാസ ക്ലാസുകളും നടത്തും.