wind

കൊച്ചി:മദ്ധ്യ-തെക്കൻ കേരളത്തെ വിറപ്പിച്ച് ഇന്നലെ രാവിലെ വീശിയഅസാധാരണ കാറ്റിന് വഴിവച്ചത് 'ഡൗൺ ഡ്രാഫ്റ്റ്' പ്രതിഭാസം. കൂറ്റൻ കൂമ്പാര മേഘത്തിന്റെ (ക്യുമുലോ നിംബസ് ) സാന്നിദ്ധ്യമുള്ളതിനാൽ രണ്ട് ദിവസം കൂടി ശക്തമായ കാറ്റ് വീശാമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നു. അറബിക്കടലിലെ ചക്രവാതച്ചുഴിയുടെ ഫലമാണ് കൂമ്പാര മേഘങ്ങൾ.

ചത്രവാതച്ചുഴിയുടെ സഞ്ചാരപാത വടക്കുപടിഞ്ഞാറായതിനാൽ മദ്ധ്യ-വടക്കൻ ജില്ലകളിൽ തീവ്രത കൂടിയ കാറ്റും മഴയുമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 40 - 55 കി.മി വേഗമായിരിക്കും കാറ്റിന്. ചക്രവാതച്ചുഴി ന്യൂനമ‌ർദ്ദമാകില്ലെന്നും തീവ്രത കുറയുമെന്നും വിദഗ്ദ്ധർ പറയുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്നലെ ശക്തമായ കാറ്റടിച്ചു. വ്യാപക നാശമുണ്ടായി.

 ഡൗൺ ഡ്രാഫ്റ്റ്

കൂമ്പാര മേഘങ്ങളുടെ മേൽത്തട്ടിൽ നിന്ന് മദ്ധ്യഭാഗത്തുകൂടി താഴേക്ക് വീശുന്ന കാറ്റാണ് ഡൗൺ ഡ്രാഫ്റ്റ്. മരങ്ങളെ കടപുഴക്കാൻ ശേഷിയുണ്ട്. ഡൗൺ ബഴ്സ്റ്റ് ഇതിലും തീവ്രതയേറിയ കാറ്റിന് വഴിവയ്‌ക്കും.

 കാറ്റിന്റെ വേഗം (കി.മി)

• കുമരകം - 57.5
• കരുമാടി - 54
• വെള്ളായണി - 48
• ചേത്തക്കൽ - 46
• ളാഹ - 46
• പൊന്മുടി - 40
• ചേർത്തല - 40
• കോട്ടയം - 39

(സമയം- ഇന്നലെ പുലർച്ച 5.45 വരെ)

 മഴയിൽ മുന്നിൽ പീരുമേട്

ഭേദപ്പെട്ട മഴയും ഇന്നലെ സംസ്ഥാന വ്യാപകമായി ലഭിച്ചു. അഞ്ചിടത്ത് 100 മില്ലി മീറ്ററിലധികം മഴ പെയ്തു. ചൊവ്വാഴ്ച മുതൽ ഇന്നലെ രാവിലെ വരെയുള്ള കണക്കിൽ ഇടുക്കി പീരുമേട്ടിലാണ് കൂടുതൽ മഴ ലഭിച്ചത് -- 173.3 മില്ലി മീറ്റർ. ആങ്ങാമുഴി - 154, തൊടുപുഴ-137, ഇടമലയാർ ഡാം -131, നിലക്കൽ -114.2 എന്നിങ്ങനെയാണ് മറ്റ് സ്ഥലങ്ങളിലെ മഴ.

ചക്രവാതച്ചുഴി വടക്കോട്ട് നീങ്ങുകയാണ്. മദ്ധ്യ-വടക്കൻ കേരളത്തിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ട്

രാജീവൻ എരിക്കുളം

കാലാവസ്ഥാ വിദഗ്ദ്ധൻ