sale

കൊച്ചി: ഓണം ആഘോഷിക്കാൻ ജില്ലാ ഫെയറുകളും ഓണച്ചന്തകളും അടുത്ത മാസം ആദ്യവാരം മുതൽ ജില്ലയിൽ ആരംഭിക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ ഒഴിവാക്കിയെങ്കിലും വിവിധ ഓണ ഫെയറുകൾ മുടങ്ങില്ല. സപ്ലൈകോ, ഖാദി, കൺസ്യൂമർഫെഡ്, ഹോർട്ടികോർപ്പ്, കുടുംബശ്രീ എന്നിവയുടെ മേളകളാണ് സെപ്തംബർ ആദ്യവാരം മുതൽ ആരംഭിക്കുക. സബ്സീഡി നിരക്കിൽ സാധനങ്ങൾ ലഭിക്കും. മറ്റ് സംഘടനകളുടെ നേതൃത്വത്തിലും ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ ഫെയറുകൾ നടക്കും.

സപ്ലൈകോ

ജില്ലയിൽ ഒരു ജില്ലാ ഫെയറും ഔട്ട്ലെറ്റുകൾ കേന്ദ്രീകരിച്ചുള്ള ഓണം ഫെയറുകളുമാണ് സപ്ലൈകോ നടത്തുക. ജില്ലാതല മേള മറൈൻഡ്രൈവിൽ നടക്കും. കൂടാതെ താലൂക്ക് അടിസ്ഥാനത്തിലും മണ്ഡല അടിസ്ഥാനത്തിലും ഔട്ലെറ്റുകൾ കേന്ദ്രീകരിച്ച് ഓണച്ചന്തകൾ നടത്തും. ഒമ്പതിന് മേള ആരംഭിക്കും.

കൺസ്യൂമർഫെഡ്

കൺസ്യൂമർഫെഡ് ഓണച്ചന്തകൾ സെപ്തംബർ ഏഴുമുതൽ 14 വരെ നടക്കും. 126 സഹകരണ സംഘങ്ങളിലും 16 ത്രിവേണി സ്റ്റോറുകളിലുമായി 146 വിപണന മേളകളാണ് നടക്കുക. ഇതിലൊരെണ്ണം ജില്ലാ മേള ആയിരിക്കും. സബ്സീഡി നിരക്കിൽ 926 രൂപയ്ക്ക് 15 ഓളം സാധനങ്ങൾ ലഭിക്കും.

ഹോർട്ടികോർപ്പ്

സപ്ലൈക്കോയുടെ അടക്കം വിവിധ ഓണച്ചന്തകളിൽ ഹോർട്ടികോർപ്പിന്റെ സ്റ്റാളുകൾ ഉണ്ടാകും. 11 മുതൽ 14 വരെയാണ് സബ്സീഡി നിരക്കിൽ ഹോർട്ടികോർപ്പ് പച്ചക്കറികൾ ലഭിക്കുക. കാക്കനാട്, മുളന്തുരുത്തി, കളക്ട്രേറ്റ് എന്നിവിടങ്ങളിലുള്ള ഹോർട്ടികോർപ്പ് സ്റ്റാളുകളിലും ഓണം വിപണന മേള ഉണ്ടാകും. റസിഡന്റ്സ് അസോസിയേഷനുകളുമായി സഹകരിച്ചും ഹോർട്ടികോർപ്പ് ചന്തകൾ നടത്തും. 30 ശതമാനത്തോളം വിലക്കുറവിലായിരിക്കും പച്ചക്കറികൾ ലഭിക്കുക.

കുടുംബശ്രീ

ഓണവിപണി ലക്ഷ്യമിട്ട് സ്വന്തം ബ്രാൻഡിൽ ഉപ്പേരിയും ശർക്കര വരട്ടിയും മറ്റ് ഉത്പന്നങ്ങളുമായി കുടുംബശ്രീ ഓണം ഫെയറുകൾ നടത്തും. ഓരോ സി.ഡി.എസുകളുടെ നേതൃത്വത്തിലായിരിക്കും ഫെയറുകൾ. പഞ്ചായത്ത് അടിസ്ഥാനത്തിൽ രണ്ട് ഫെയറുകളും നഗരസഭ കേന്ദ്രീകരിച്ച് നാലും കോർപ്പറേഷൻ പരിധിയിൽ 10 ഫെയറുകളും നടത്താനാണ് കുടുംബശ്രീ ജില്ലാ മിഷൻ തീരുമാനം. ജില്ലയിലെ 102 സി.ഡി.എസുകളിൽ നിന്നായി 1000ൽ അധികം സ്ത്രീകളാണ് ഫെയറുകളിൽ പങ്കാളികളാകുക. കുടുംബശ്രീ ബ്രാൻഡിലാണ് വില്പനയ്ക്കെത്തിക്കുക. ഓണത്തിന് ഒരാഴ്ച മുമ്പ് തന്നെ ഫെയറുകൾ തുടങ്ങാനാണ് കുടുംബശ്രീയുടെയും ലക്ഷ്യം.

ഖാദി

ഖാദി ഓണം ഫെയർ 15 മുതൽ ആരംഭിച്ചു. സെപ്തംബർ 14 വരെയാണ് വിപണനമേള. കലൂരിലാണ് ജില്ലാതല മേള നടക്കുന്നത്. കൂടാതെ എട്ട് ഔട്ലെറ്റുകളിലും മേളകൾ സംഘടിപ്പിച്ചിട്ടുണ്ട്. 30 ശതമാനം വിലക്കുറവിൽ മേളയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങാം.