കൊച്ചി: ജില്ലയുടെ ഭരണസിരാകേന്ദ്രങ്ങളിലൊന്നായ കണയന്നൂർ താലൂക്ക് ഓഫീസ് എറണാകുളത്തപ്പൻ ഗ്രൗണ്ടിന് എതിർവശത്തെ എയർഇന്ത്യാ ഓഫീസിലേക്ക് മാറ്റാനുള്ള നടപടികൾ അനന്തമായി നീളുന്നു. സ്ഥലപരിമിതി ഏറെയുള്ള താലൂക്ക് ഓഫീസ് നാല് മാസത്തിനുള്ളിൽ എയർഇന്ത്യാ മന്ദിരത്തിലേക്ക് മാറ്റുമെന്ന് 2023 ഫെബ്രുവരിയിലാണ് അധികൃതർ അറിയിച്ചത്. മന്ദിരത്തിലെ അറ്റകുറ്റപ്പണികൾക്കും മറ്റും പി.ഡബ്ല്യു.ഡി, സിഡ്കോ, നിർമ്മിതികേന്ദ്ര എന്നിവരിൽനിന്ന് എസ്റ്റിമേറ്റ് സ്വീകരിച്ചുവെന്നും അധികൃതർ പറഞ്ഞിരുന്നു.

എന്നാൽ പിന്നീടൊന്നും നടന്നില്ലെന്നുമാത്രം. റവന്യൂവകുപ്പ് ഉന്നതതലങ്ങളിൽ നിന്നുള്ള അനുമതി ലഭിച്ചാലുടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് ഇപ്പോഴും പറയുന്നത്.

* ചെലവ് ₹1.30കോടി

വിവിധ ഏജൻസികളിൽ നിന്നായി സ്വീകരിച്ച ടെൻഡറുകളെത്തുടർന്ന് എയർ ഇന്ത്യ ഓഫീസ് നവീകരണത്തിന് 1.30കോടിരൂപ ചെലവ് വരുമെന്നാണ് വിലയിരുത്തൽ. ഇത് സർക്കാർ തത്വത്തിൽ അംഗീകരിച്ചി​ട്ടുണ്ട്.

പഴയകെട്ടിടത്തിൽ ഉപയോഗിച്ച ഫർണിച്ചറി​ൽ ഏറിയപങ്കും പുതിയ കെട്ടിടത്തിലേക്ക് മാറ്റും. എറണാകുളം പാർക്ക് അവന്യൂ റോഡിലെ ജില്ലാകോടതി സമുച്ചയത്തിലുള്ള പൈതൃകമന്ദിരത്തിന്റെ ഒന്നാംനിലയിൽ നിന്നാണ് റവന്യൂവകുപ്പ് എയർഇന്ത്യാ മന്ദിരത്തിലേക്ക് മാറുന്നത്.


* കെട്ടിടം പുരാരേഖാ വകുപ്പിന്
വർഷങ്ങൾക്ക് മുൻപ് കളക്ടറേറ്റ് കാക്കനാട്ടേക്ക് മാറിയപ്പോഴാണ് കണയന്നൂർ താലൂക്ക് ഓഫീസും ജില്ലാ കോടതിയും സബ് ട്രഷറിയും ഈ പഴയ കെട്ടിടത്തിലേക്ക് മാറിയത്. 150ലേറെ വർഷം പഴക്കമുള്ള ഈ പൈതൃകകെട്ടിട സമുച്ചയം മുഴുവനായും പുരാരേഖാവകുപ്പിന് നൽകാനായിരുന്നു ആദ്യതീരുമാനം. പിന്നീടത് നടക്കാതെ പോയി. കുടുംബകോടതിയും പോക്സോകോടതിയും ഉൾപ്പെടെ പഴയമന്ദിരങ്ങളിൽ തന്നെയാണ് പ്രവർത്തിക്കുന്നത്.

കണയന്നൂർ താലൂക്ക് ഓഫീസിൽ 75ലേറെ ജീവനക്കാർ സ്ഥിരമായും 15ലേറെ ജീവനക്കാർ താത്കാലികമായും ജോലിചെയ്യുന്നുണ്ട്. ജീവനക്കാരുടെയും ഓഫീസിൽ വരുന്നവരുടെയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സ്ഥലപരിമിതിയും കെട്ടിടത്തിന്റെ ഒന്നാംനിലയിലേക്ക് പ്രവേശിക്കുന്നതിന് അംഗപരിമിതരും വയോധികരും നേരിടുന്ന ബുദ്ധിമുട്ടുമെല്ലാം പരിഗണിച്ചാണ് കെട്ടിടമാറ്റം.

150 വർഷത്തിലധികം പഴക്കമുള്ളതും പൈതൃക കെട്ടിട പദവിയിലുള്ളതുമായ നിലവിലെ കെട്ടിടം അറ്റകുറ്റപ്പണി ചെയ്യാൻ അനുവാദമില്ലാത്തതിനാൽ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുന്നതിനായി നൽകിയ ശുപാർശകളെല്ലാം നേരത്തെ നിരസിക്കപ്പെട്ടിരുന്നു.

എത്രയുംവേഗം പണികൾ ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പരമാവധി നാലുമാസംകൊണ്ട് നവീകരണം പൂർത്തിയാക്കും. സർക്കാരിന്റെ ഔദ്യോഗിക അംഗീകാരം മാത്രമാണ് ഇനിയുള്ള ഏക കടമ്പ

ബിനു സെബാസ്റ്റ്യൻ
തഹസിൽദാർ
കണയന്നൂർ താലൂക്ക്