1
മട്ടാഞ്ചേരി മരക്കടവ് കല്ല് ഗോഡൗൺ റോഡ് പൊട്ടി പൊളിഞ്ഞ നിലയിൽ

മട്ടാഞ്ചേരി: കരുവേലിപ്പടി കല്ലുഗോഡൗൺ മുതൽ മട്ടാഞ്ചേരി മരക്കടവുവരെയുള്ള റോഡ് അറ്റകുറ്റപ്പണിക്കായി പൊളിച്ചിട്ടിട്ട് വർഷം ഒന്നു കഴിയുന്നു. കരാറുകാരൻ പണി ഉപേക്ഷിച്ചു പോയെന്നാണ് പ്രദേശവാസികളുടെ പരാതി.

മട്ടാഞ്ചേരി ബസാർ, ടൂറിസം കേന്ദ്രങ്ങളായ സിനഗോഗ്, മട്ടാഞ്ചേരി കൊട്ടാരം എന്നിവിടങ്ങളിലേക്ക് ദിവസേന നൂറുകണക്കിന് സഞ്ചാരികൾ ഉൾപ്പെടെയുള്ളവർ കടന്നുപോകുന്ന റോഡാണിത്. മട്ടാഞ്ചേരി ബസ് സ്റ്റാൻഡ്, ജെട്ടി, ജൂതത്തെരുവ് എന്നിവിടങ്ങളിലേക്ക് നിരവധിപേർ ഇതിലൂടെ സഞ്ചരിക്കുന്നു. റോഡ് വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നതിനാൽ ഇതുവഴിയുള്ള യാത്ര ദുഷ്കരമാണ്. കുഴികളിൽ കെട്ടിക്കിടക്കുന്ന മഴവെള്ളം ഇരുചക്രവാഹനയാത്രക്കാർക്കും കാൽനട യാത്രികർക്കും അപകടക്കെണിയൊരുക്കുന്നു. മഴ ഇല്ലാത്ത സമയത്ത് റോഡിൽ പൊടിശല്യം രൂക്ഷമാണ്. പൊടിശല്യത്തെ തുടർന്ന് പ്രദേശത്തെ കടകൾ പലതും തുറക്കാറില്ല. കച്ചവടക്കാർ കച്ചവടം നിറുത്തിപ്പോകേണ്ട സാഹചര്യമാണ്. പലരും ഇപ്പോൾ കടക്കെണിയിലായി. അധികൃതരോട് പരാതികൾ പറഞ്ഞ് മടുത്തെന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പനയപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോർട്ടുകൊച്ചി പൊതുമരാമത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തിയിരുന്നു.

റോഡിന്റെ അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തിൽ തീർത്ത് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകും.

എ. ജലാൽ, സാമൂഹ്യ പ്രവർത്തകൻ.