കൊച്ചി: സഹകരണ സൊസൈറ്റികൾക്കും ബാങ്കുകൾക്കും വായ്പക്കാരുടെ ശമ്പളത്തിൽ നിന്നും പെൻഷൻ ആനുകൂല്യത്തിൽ നിന്നും കുടിശിക ഈടാക്കാമെന്ന് ആവർത്തിച്ച് ഹൈക്കോടതി. ഇടുക്കി ജില്ലാ പൊലീസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷ് ഇക്കാര്യം വീണ്ടും വ്യക്തമാക്കിയത്.
സൊസൈറ്റിയിൽ നിന്ന് വായ്പയെടുത്ത എ.എസ്.ഐമാരായ പി.എം. അനൂബ്, അബ്സർ മുഹമ്മദ്കുട്ടി എന്നിവരുടെ പെൻഷൻ ആനുകൂല്യത്തിൽ നിന്ന് വായ്പാ കുടിശ്ശിക ഈടാക്കുന്നത് തടസപ്പെട്ടതിനെ തുടർന്നാണ് ഹർജി ഫയൽ ചെയ്തത്. കുടിശിക ഈടാക്കാൻ ജീവനക്കാരുടെ അനുമതി ആവശ്യമാണെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി നിലപാട് സ്വീകരിക്കുകയായിരുന്നു.തിരിച്ചടവ് മുടങ്ങിയാൽ ശമ്പളത്തിൽ നിന്നും പെൻഷനിൽ നിന്നും ഈടാക്കാമെന്ന് വായ്പ എടുത്തവർ സമ്മതപത്രം നൽകിയിരുന്നു. സമ്മതപത്രമുണ്ടെങ്കിൽ ആനുകൂല്യങ്ങളിൽ നിന്ന് തുക ഈടാക്കാമെന്ന് ഡിവിഷൻ ബെഞ്ചടക്കം വ്യക്തമാക്കിയിട്ടുണ്ടെന്ന് സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഓസ്ട്രിയയിലേക്ക്
നഴ്സിംഗ് റിക്രൂട്ട്മെന്റ്
നോർക്കയുമായി ധാരണ
തിരുവനന്തപുരം: കേരളത്തിൽ നിന്ന് ഓസ്ട്രിയയിലേക്ക് നോർക്ക റൂട്ട്സ് മുഖേന നഴ്സിംഗ് റിക്രൂട്ട്മെന്റ് പൈലറ്റ് പ്രോജക്ട് ആരംഭിക്കാൻ ധാരണയായി. ഓസ്ട്രിയൻ ട്രേഡ് കമ്മിഷണറും കൊമേർഷ്യൽ കൗൺസിലർ ഹാൻസ് ജോർഗ് ഹോർട്ട്നാഗലിന്റെ നേതൃത്വത്തിലെത്തിയ സംഘവുമായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ധാരണയായത്. പ്രതിവർഷം 7000 മുതൽ 9000 നഴ്സിംഗ് പ്രൊഫഷണലുകൾക്കാണ് നിലവിൽ ഓസ്ട്രിയയിൽ അവസരമുളളത്. കെയർ ഹോം, ഹോസ്പിറ്റലുകൾ, വയോജനപരിപാലനത്തിനായുളള പ്രൈവറ്റ് ഹോം എന്നിങ്ങനെയാണ് അവസരങ്ങളെന്ന് ഹോർട്ട്നാഗൽ വ്യക്തമാക്കി. കേരളത്തിൽ നിന്നുളള നഴ്സുമാർ മികച്ച നൈപുണ്യമികവുളളവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജർമ്മനിയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റായ ട്രിപ്പിൾവിൻ മാതൃകയിൽ ഓസ്ട്രിയയിലേയ്ക്ക് പ്രത്യേക റിക്രൂട്ട്മെന്റിനുളള സാധ്യതകൾ പരിശോധിക്കാമെന്ന് കൂടിക്കാഴ്ചയിൽ അജിത് കോളശ്ശേരി പറഞ്ഞു.
എൻജിനിയറിംഗ് വിദ്യാർത്ഥികൾക്കായി ക്വിസ്
തിരുവനന്തപുരം : ഐ.സി.ടി. അക്കാഡമി ഓഫ് കേരളയും അൺസ്റ്റോപ്പും സംയുക്തമായി എൻജി. വിദ്യാർത്ഥികൾക്കായി ടാറ്റ ക്രൂസിബിൾ ക്വിസ് ചലഞ്ച് സംഘടിപ്പിക്കുന്നു. വിജയികൾക്ക് രണ്ടരലക്ഷം രൂപയുടെ സമ്മാനങ്ങളും ടാറ്റ ഗ്രൂപ്പിൽ ഇന്റേൺഷിപ്പ് അവസരവും. താത്പര്യമുള്ളവർ 31ന് മുൻപ് രജിസ്റ്റർ ചെയ്യണം.വിശദ വിവരങ്ങൾക്കും രജിസ്റ്ററേഷനും: https://ictkerala.org/studentopportunities.
വാട്ടർ അതോറിട്ടി എം.ഡി
അവധിക്ക്; ജോ. എം.ഡിക്ക് ചുമലത
തിരുവനന്തപുരം: സെപ്തംബർ ഒന്ന് മുതൽ 84 ദിവസം അവധിയെടുക്കാനുള്ള കേരള വാട്ടർ അതോറിട്ടി എം.ഡി വി.ആർ. പ്രേംകുമാറിന്റെ അപേക്ഷ സർക്കാർ അംഗീകരിച്ചു. പകരം ജോയിന്റ് എം.ഡി ബിനു ഫ്രാൻസിസിന് ചുമതല നൽകി. മുൻ എം.ഡി ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിനെ മാറ്റി രണ്ട് മാസം മുൻപാണ് പ്രേംകുമാറിനെ നിയമിച്ചത്. ഭണ്ഡാരിയും ജോയിന്റ് എം.ഡി. ദിനേശൻ ചെറുവത്തും ഒരേസമയം നീണ്ട അവധിയിൽ പ്രവേശിച്ചതും വാട്ടർ അതോറിട്ടി നാഥനില്ലാ കളരിയായതും വിവാദമായിരുന്നു.
ഓഫറുകളോടെ ഓണച്ചന്തകൾ
സെപ്തംബർ 5മുതൽ
തിരുവനന്തപുരം: സർക്കാരിന്റെ ഓണം ഫെയറുകൾ സെപ്തംബർ 5 മുതൽ ആരംഭിക്കും. ഉത്രാടദിനമായ 14 വരെ നീണ്ടു നിൽക്കുന്ന ഫെയറുകളിലേക്ക് പഞ്ചസാര ഒഴികെയുള്ള സാധനങ്ങളുടെ ടെൻഡർ അനുവദിച്ചു. പഞ്ചസാരയ്ക്കു വേണ്ടി സപ്ലൈകോ വീണ്ടും ടെൻഡർ വിളിക്കും. ഇപ്പോഴത്തെ ടെൻഡറിൽ കൂടിയ വില രേഖപ്പെടുത്തിയതിനാലാണ് റീ ടെൻഡർ വിളിക്കുന്നത്.
സുവർണ ജൂബിലിയുടെ ഭാഗമായി സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ആരംഭിച്ച നോൺ സബ്സിഡി സാധനങ്ങൾക്ക് 10 ശതമാനം അധിക വിലക്കുറവ് നൽകുന്ന സപ്ലൈകോ ഹാപ്പി അവേഴ്സ് ഉൾപ്പെടെയുള്ള ഓഫറുകൾ ഓണച്ചന്തകളിലും തുടരും.
ഓണംഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം അഞ്ചിന് പുത്തരിക്കണ്ടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആറിന് ജില്ലാതല ഫെയറുകളും 10ന് താലൂക്കിലെ ഫെയറുകളും ആരംഭിക്കും. നിയോജക മണ്ഡലാടിസ്ഥാനത്തിലും ഓണം ഫെയറുകളുണ്ടാകും. 13ഇനം സബ്സിഡി സാധനങ്ങൾ ഉറപ്പാക്കുന്നതോടൊപ്പം നോൺ സബ്സിഡി സാധനങ്ങൾ പൊതുവിപണിയെക്കാർ വിലക്കുറവിൽ വിതരണം ചെയ്യും.
രണ്ടാഴ്ച മുമ്പ് സർക്കാർ അനുവദിച്ച 100 കോടി രൂപ വിതരണക്കാർക്കായി വീതിച്ചുനൽകിയിരുന്നു. ശേഷം അനുവദിച്ച 225 കോടി രൂപ ലഭ്യമാകുന്ന മുറയ്ക്ക് കുടിശ്ശികയിൽ കുറച്ചുകൂടി തുക വിതരണം ചെയ്യാമെന്ന് ഭക്ഷ്യവകുപ്പിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് വിതരണക്കാർ ടെൻഡർ നടപടികളുമായി സഹകരിക്കുന്നത്. ആകെ 650 കോടി രൂപയാണ് വിതരണക്കാർക്ക് നൽകാനുള്ളത്.