മൂവാറ്റുപുഴ: സ്വർണവും ഒന്നര ലക്ഷവും രൂപയും തട്ടിയെടുത്ത് മുങ്ങിയ ആളെ 18 വർഷങ്ങൾക്ക് ശേഷം പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം മുംബയിൽ നിന്ന് സാഹസികമായി പിടികൂടി. മുംബയ് മുലുന്ദ് ജോർജിയോൺ ലിങ്ക് റോഡിൽ താമസിക്കുന്ന മഹീന്ദ്രാ ഹശ്ബാ യാദവാണ് (53) കുടുങ്ങിയത്.
മൂവാറ്റുപുഴയിലെ ജുവലറിയിലെ സ്വർണപ്പണിക്കാരനായിരുന്ന ഇയാൾ 240 ഗ്രാം സ്വർണം ശുദ്ധി കൂട്ടി നൽകാമെന്ന് വിശ്വസിപ്പിച്ച് വാങ്ങിയെടുക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് സുഹൃത്തിന്റെ കൈയിൽ നിന്ന് ഒന്നര ലക്ഷം രൂപ കടം വാങ്ങി. ശേഷം കുടുംബവുമൊത്ത് മൂവാറ്രുപുഴയിൽ നിന്ന് സ്ഥലംവിട്ടു. മുംബയ് സാൻഗ്ലീ ജില്ലയിലെ പൽവൻ സ്വദേശിയായ ഇയാളെ തേടി സ്വദേശത്ത് എത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
പണിക്കാരൻ ജുവലറി ഉടമയായി
ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ കേസന്വേഷണം പൊടിതട്ടി എടുക്കുകയായിരുന്നു. വിശദമായ അന്വേഷണത്തിൽ ഇയാൾ മുംബയിലെ സമ്പന്നർ താമസിക്കുന്ന മേഖലയിൽ ജുവലറി ഉടമയായി കഴിയുകയാണെന്ന് കണ്ടെത്തി. പിന്നാലെ പ്രത്യേക ഓപ്പറേഷനിലൂടെ പുലർച്ചെ വീടുവളഞ്ഞ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
മൂവാറ്റുപുഴ ഡിവൈ.എസ്.പി പി.എം .ബൈജു, ഇൻസ്പെക്ടർ ബേസിൽ തോമസ്, സബ് ഇൻസ്പെക്ടർമാരായ മാഹിൻ സലിം, വിഷ്ണു രാജു, കെ.കെ.രാജേഷ്, പി.കെ. വിനാസ്, പി.സി ജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ.എ അനസ്, ബിബിൽ മോഹൻ എന്നിവർ ഉൾപ്പെട്ട ടീമാണ് അറസ്റ്റ് ചെയ്തത്. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.