മരട്: കളഞ്ഞുകിട്ടിയ ഒരു പവന്റെ വള ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി നെട്ടൂർ സ്വദേശി മുഹമ്മദ് റാഫി. നെട്ടൂർ ഐ.എൻ.ടി.യു.സി - അമ്പലക്കടവ് റോഡിൽനിന്ന് ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് വള മുഹമ്മദ് റാഫിക്ക് കിട്ടിയത്. തുടർന്ന് സമീപത്തെ കടകളിലും ബാങ്കുകളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും ഉടമയെ കണ്ടെത്താനായില്ല. വാഹനങ്ങൾ കയറിയിറങ്ങിയതിനാൽ വള ചതഞ്ഞിരുന്നു. തുടർന്ന് പനങ്ങാട് പൊലീസിനെ വിവരമറിയിച്ചു.
ഇതിനിടയിൽ വളയുടെ ഉടമസ്ഥനായ കുണ്ടന്നൂർ സ്വദേശി ജിതിൻ പരാതിപ്പെടാൻ സ്റ്റേഷനിലെത്തിയപ്പോഴാണ് വള കിട്ടിയവിവരം പൊലീസുകാർ പറയുന്നത്. തുടർന്ന് മുഹമ്മദ് റഫിയെ എസ്.ഐ പ്രവീൺ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അവിടെവച്ച് മുഹമ്മദ് റാഫിയും സുഹൃത്ത് റഫിനും ചേർന്ന് വള ഉടമസ്ഥന് കൈമാറി. നെട്ടൂർ ഐ.എൻ.ടി.യു.സി ജംഗ്ഷന് സമീപം പ്രൈഡ് എന്ന ചെരുപ്പുകട നടത്തുകയാണ് മുഹമ്മദ് റാഫി.