കോലഞ്ചേരി: കുടിവെള്ള വിതരണ പൈപ്പ് മാറ്റി സ്ഥാപിക്കാതെ ദേശീയ പാതയിൽ പൈപ്പ് ലൈന് മുകളിലാണ് കാന നിർമ്മാണം പുരോഗമിക്കുന്നു. പൈപ്പെങ്ങാനും പൊട്ടിയാൽ കാന പൊളിക്കാതെ ഇനി അറ്റകുറ്റപ്പണി നടക്കില്ല. അതിനാവട്ടെ ദേശീയപാതാ അതോറിറ്റി പറയുന്ന തുക നൽകേണ്ടി വരും.
തീർത്തും അശാസ്ത്രീയമായി നടക്കുന്ന ദേശീയ പാത വികസനം സംബന്ധിച്ച് നിരവധി പരാതികൾ ഉയരുമ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾ കരാറുകാരനും ഉദ്യോഗസ്ഥരും തുടരുകയാണ്.
ചൂണ്ടി മുതൽ തൃപ്പൂണിത്തുറ വരെയും കോലഞ്ചേരി വഴി മൂവാറ്റുപുഴ വരെയും വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് പോകുന്നത് ദേശീയപാത വഴിയാണ്. പൈപ്പിലുണ്ടാകുന്ന മർദ്ദ വ്യത്യാസത്തിനനുസരിച്ച് വർഷങ്ങളായി സ്ഥാപിച്ച പൈപ്പ് പൊട്ടുന്നത് നിത്യ സംഭവമാണ്. നിലവിൽ പഴകിയ പൈപ്പ് ഏതാനും ഭാഗത്ത് മാത്രമേ മാറ്റി സ്ഥാപിച്ചിട്ടുള്ളൂ.
പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ സാവകാശം വേണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചെങ്കിലും കരാറുകാരൻ പണി തുടരുകയായിരുന്നു. 35വർഷം മുമ്പുണ്ടായിരുന്ന ദേശീയപാത അതേപടി നിലനിറുത്തി പഴയ ടാറിംഗ് മാറ്റി ആധുനിക നിലവാരത്തിലുള്ളതാക്കുന്നതൊഴിച്ചാൽ മറ്റൊരു പ്രവൃത്തിയും നടക്കുന്നില്ലെന്ന പരാതി നിലനില്ക്കെയാണ് പൈപ്പ് മാറ്റാതെ കാന നിർമ്മാണം.
വാഹനത്തിരക്കുള്ള റൂട്ട്
കൊച്ചിയിൽ നിന്ന് മൂന്നാർ, കമ്പം, തേനി എന്നിവിടങ്ങളിലേയ്ക്ക് നൂറുകണക്കിന് വാഹനങ്ങൾ പ്രതിദിനം സഞ്ചരിക്കുന്ന റോഡാണിത്. കാനനിർമ്മാണം പൂർത്തിയായ പലഭാഗത്തും രണ്ടു ബസുകൾ ഒരേസമയം എത്തിയാൽ കടന്നുപോകാൻ കഴിയില്ല. കോലഞ്ചേരി ഭാരത് പെട്രോളിയം പമ്പിനും ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിനും ഇടയിൽ കഴുനിലം പാലത്തിൽ കുപ്പിക്കഴുത്ത് പോലെയാണ് പാത. ഇവിടെ ഒരു ബസിന് കടന്നുപോകാനുള്ള വീതിയാണുള്ളത്. കഴുനിലം വളവിൽ ചിലയിടത്ത് വീതികൂടുതലും ചിലയിടത്ത് കുറവുമാണ്.
ഒരുകിലോമീറ്റർ നിർമ്മാണത്തിന് 7കോടി രൂപ
വീതി വർദ്ധിപ്പിക്കാതെ നടത്തുന്ന റീ ടാറിംഗ് യാത്രക്കാർക്ക് പ്രയോജനപ്പെടില്ല. കുടിവെള്ള വിതരണ പൈപ്പുകൾക്ക് മുകളിലൂടെ നടക്കുന്ന കാന നിർമ്മാണം അശാസ്ത്രീയമാണ്
ജൂബിൾ ജോർജ്
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
വടവുകോട് ബ്ളോക്ക് പഞ്ചായത്ത്