കൊച്ചി: ജില്ലയുടെ വിവിധ മേഖലകളെ വിറപ്പിച്ച് ഇന്നലെ പുലർച്ചയുണ്ടായത് ശക്തമായ കാറ്റ്. ഇന്നലെ അർദ്ധരാത്രി മുതലുണ്ടായ മഴയ്ക്ക് പിന്നാലെയാണ് ശക്തമായ കാറ്റും വീശിയടിച്ചത്. നഗരത്തിലും കിഴക്കൻ മേഖലകളിലുമെല്ലാം ശക്തമായ കാറ്റ് വീശി.
ചിറ്റൂർ റോഡിൽ വടുതല മാർക്കറ്റിന് സമീപം മരംവീണ് ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു. വൈദ്യുതി തടസപ്പെട്ടു. കെ.എസ്.ഇ.ബി ഓഫീസിന് മുന്നിലുള്ള പറമ്പിൽ നിന്നിരുന്ന വലിയ മരമാണ് വീണത്. ഫയർഫോഴ്‌സെത്തി മരം മുറിച്ചുമാറ്റി. മരട് മെട്ടൂരിലും റോഡിലേക്ക് മരം കടപുഴകി വീണു. ആളപായമില്ല.
മൂവാറ്റുപുഴ വെള്ളൂർകുന്നം മഹാദേവ ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി സ്ഥാപിച്ചിരുന്ന താത്കാലിക കെട്ടിടത്തിന്റെ മേൽക്കൂര കനത്തകാറ്റിൽ നിലംപതിച്ചു. 6,000 സ്‌ക്വയർ ഫീറ്റിൽ ഇരുമ്പു പൈപ്പുകളും, ഓലകളും ഉപയോഗിച്ചാണ് മേൽക്കൂര നിർമ്മിച്ചിരുന്നത്.
കോതമംഗലത്ത് ഷോപ്പിംഗ് കോപ്ലക്‌സിന്റെ വരാന്തയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന മേൽക്കൂരയും ഇന്നലെ പുലർച്ചെ നിലംപൊത്തി.
നാടിനെ വിറപ്പിച്ച കാറ്റിന് കാരണമായത് ഡ്രൗൺ ഡ്രാഫ്റ്റ് പ്രതിഭാസമാണെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി.