കൊച്ചി: കളമശേരിയിൽ റോഡിൽ താഴ്ന്നുകിടന്ന കേബിളിൽ കുരുങ്ങി ഇഖറ മസ്ജിദ് ഇമാം അബ്ദുൾ അസീസ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. ജില്ലാ പൊലീസ് മേധാവിയും (കൊച്ചി സിറ്റി) കളമശേരി മുനിസിപ്പൽ സെക്രട്ടറിയും ചുമതലപ്പെടുത്തുന്ന മുതിർന്ന ഉദ്യോഗസ്ഥർ സെപ്തംബർ 13ന് രാവിലെ 10.30ന് പത്തടിപ്പാലം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്ന് ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് ഉത്തരവിട്ടു. പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എൻജിനിയറും (കാക്കനാട്) ഹാജരാകണം.
സംഭവത്തെക്കുറിച്ച് മാദ്ധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ 19ന് ഉച്ചയ്ക്ക് 12ന് എച്ച്.എം.ടി എൻ.എ. ഡി റോഡിൽ കീഡ് എന്ന സ്ഥാപനത്തിന് മുന്നിലാണ് അബ്ദുൾ അസീസിന് അപകടം സംഭവിച്ചത്. അപകടമുണ്ടാക്കിയ കേബിൾ ഏത് ഏജൻസിയാണ് സ്ഥാപിച്ചത്, അതിന് മുൻകൂർ അനുമതി വാങ്ങിയിരുന്നോ, ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെയോ ഏജൻസിയുടെയോ വിവരങ്ങൾ എന്നിവ കളമശേരി മുനിസിപ്പൽ സെക്രട്ടറിയും പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എൻജിനിയറും സമർപ്പിക്കണം. അനുമതി വാങ്ങിയിരുന്നുവെങ്കിൽ അതിന്റെ രേഖകളും ഹാജരാക്കണം.
അപകടത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടോ, ഉണ്ടെങ്കിൽ ആർക്കെതിരെ, ഏത് സ്റ്റേഷനിൽ, ഏതൊക്കെ വകുപ്പുകൾ ചേർത്തു എന്നീ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് അസിസ്റ്റന്റ് കമ്മീഷണർ റാങ്കിലുള്ള പൊലീസ് ഉദ്യേഗസ്ഥനെ നിയോഗിച്ച് അന്വേഷിച്ച് ജില്ലാ പൊലീസ് മേധാവി സമർപ്പിക്കണം. ഇതിൽ അബ്ദുൾ അസീസിന്റെ ചികിത്സാ വിശദാംശങ്ങൾ, ഇപ്പോഴത്തെ സ്ഥിതി, ഡോക്ടറുടെ മൊഴി എന്നിവയും ഉൾപ്പെടുത്തണം. എഫ്.ഐ.ആർ. ഉണ്ടെങ്കിൽ പകർപ്പും ഹാജരാക്കണം. റിപ്പോർട്ടുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ചെമ്പുമുക്ക് പള്ളിക്ക് സമീപം 2022 ജൂണിൽ അലൻ ആൽബർട്ട് കേബിൾ കഴുത്തിൽ കുരുങ്ങി മരിച്ചതിനെത്തുടർന്ന് 2022 ഒക്ടോബർ 22ന് കമ്മീഷൻ പാസാക്കിയ ഉത്തരവ് നടപ്പാക്കാത്തത് കാരണമായിരിക്കാം ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് കമ്മീഷൻ വിലയിരുത്തി. അലക്ഷ്യവും അപകടകരവുമായി സ്ഥാപിച്ച കേബിളുകൾ നീക്കണമെന്ന് തദ്ദേശ സ്വയംഭരണ, പൊതുമരാമത്ത് സെക്രട്ടറിമാർക്കും നിർദ്ദേശം നൽകിയിരുന്നു.
സിറ്റിംഗ് ഇന്ന്
മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് ഇന്ന് രാവിലെ 10.30ന് ആലുവ ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും.