കൊച്ചി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിൽ അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ബീജം എടുത്ത് സൂക്ഷിക്കാൻ ഹൈക്കോടതി നിർദ്ദേശം. 34 കാരിയായ ഭാര്യയുടെ ആവശ്യം കണക്കിലെടുത്താണ് ഇടക്കാല ഉത്തരവ്. ആഗസ്റ്റ് നാലിന് രാത്രി ബൈക്കിൽ സഞ്ചരിക്കവേ കാറിടിച്ചാണ് എറണാകുളം സ്വദേശിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റത്.
തനിക്ക് ഭർത്താവിൽ നിന്ന് കുട്ടിവേണമെന്നും അതിനായി ബീജം എടുക്കണമെന്നുമുള്ള ആവശ്യമാണ് യുവതി ഉന്നയിച്ചത്. കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹം. അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി (എ.ആർ.ടി) ചികിത്സയിലൂടെ കുഞ്ഞിന് ജന്മം നൽകാനാണ് ഹർജിക്കാരിയുടെ ആഗ്രഹം. എന്നാൽ 2021ൽ നിലവിൽ വന്ന എ.ആർ.ടി നിയമപ്രകാരം ഇക്കാര്യത്തിൽ ഇരുവരുടെയും അനുമതി ആവശ്യമാണ്. മസ്തിഷ്‌ക മരണം സംഭവിച്ച ഭർത്താവിന്റെ അനുമതി അസാദ്ധ്യമായതിനാലാണ് അഡ്വ.എസ്. ആകാശ് വഴി യുവതിയും ഭർതൃമാതാവും ചേർന്ന് ഹൈക്കോടതിയെ സമീപിച്ചത്.
ബീജം എടുത്ത് സൂക്ഷിക്കാൻ സ്വകാര്യ ആശുപത്രിക്ക് ജസ്റ്റിസ് വി.ജി.അരുൺ നിർദ്ദേശം നൽകി. തുടർനടപടികൾ കോടതിയുടെ തീർപ്പിനു വിധേയമായിരിക്കുമെന്നും വ്യക്തമാക്കി. വിഷയം സെപ്തംബർ 9ന് വീണ്ടും പരിഗണിക്കും.