കൊച്ചി: പറയാതെ പറയുക, കുറച്ചു വാക്കുകളിൽ ഉച്ചത്തിൽ സംസാരിക്കുക... ഇതാണ് കാർട്ടൂണുകൾ ചെയ്യുന്നതെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.എസ്. സോമനാഥ് പറഞ്ഞു. കാരിക്കേച്ചറും ചിരിപടർത്തുന്ന കാർട്ടൂണുകളും അനുബന്ധ പരിപാടികളുമായി 'കാരിട്ടൂൺ" ഡർബാർ ഹാളിൽ കാർട്ടൂൺ വരച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ അരവിന്ദന്റെ 'ചെറിയ മനുഷ്യരും വലിയ ലോക"ത്തിൽ നിന്നുമാണ് കാർട്ടൂണുകളോടുള്ള സ്‌നേഹം തുടങ്ങിയത്. സമൂഹത്തിന് കാർട്ടൂണിസ്റ്റുകളെയും അവരുടെ വരകളെയും ആവശ്യമുണ്ട്. അതിനെ ആസ്വദിക്കാൻ കഴിയുന്ന സമൂഹവും നമുക്ക് ആവശ്യമുണ്ടെന്നും ഡോ. സോമനാഥ് പറഞ്ഞു.

കേരള ലളിതകലാ അക്കാഡമി ചെയർപേഴ്‌സൺ മുരളി ചീരോത്ത് അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര അവാർഡ് ജേതാക്കളായ ജോഷി ബെനഡിക്ട്, സുമംഗല, സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവായ കാർട്ടൂണിസ്റ്റ് എ. സജ്ജീവ് എന്നിവരെ ഡോ. സോമനാഥ് ആദരിച്ചു. സ്വിറ്റ്‌സർലൻഡ് പ്രതിനിധി ഡെപ്യൂട്ടി കൗൺസിൽ ജനറൽ പാട്രിക്ക് മുല്ലർ, കാരിട്ടൂൺ ഡയറക്ടർ രതീഷ് രവി, കാർട്ടൂൺ അക്കാഡമി ചെയർമാൻ സുധീർനാഥ്, സെക്രട്ടറി എ. സതീഷ് തുടങ്ങിയവർ സംസാരിച്ചു.
സോമനാഥ് ക്യൂറേറ്റ് ചെയ്ത സ്‌പേയ്‌സ് കാർട്ടൂണുകളാണ് പ്രദർശനത്തിലെ പ്രധാന ആകർഷണം. ഇന്ത്യ ചന്ദ്രനിൽ എത്തിയതിന്റെ ഒന്നാം വാർഷികാഘോഷത്തിന് മുന്നോടിയായുള്ള 150 കാർട്ടൂണുകൾ ഡർബാർ ഹാൾ ഗാലറിയിൽ പ്രദർശിപ്പിക്കുന്നുണ്ട്. കാർട്ടൂണിസ്റ്റ്കൂടിയായ സോമനാഥിന് കാർട്ടൂൺ അക്കാഡമിയുടെ വിശിഷ്ടാംഗത്വം ചടങ്ങിൽ സമ്മാനിച്ചു. ഇന്ത്യ – സ്വിറ്റ്‌സർലൻഡ് സൗഹൃദത്തിന്റെ 75-ാം വർഷികത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ – സ്വിറ്റ്‌സർലൻഡ് ബന്ധത്തിന്റെയും വിജയത്തിന്റെയും കഥ പറയുന്ന തിരഞ്ഞെടുത്ത 19 കാർട്ടൂണുകളും പ്രദർശനത്തിലുണ്ട്. കാരിക്കേച്ചർ ചലഞ്ച് ഇന്നും നാളെയും ഹൈക്കോടതി പരിസരത്ത് നടത്തും. ശനിയാഴ്ച കുട്ടികളുടെ കാർട്ടൂൺ കളരി ചാവറ കൾച്ചർ സെന്ററിൽ നടക്കും.