കൊച്ചി: അച്ചപ്പം..കുഴലപ്പം..മുറുക്ക്..തത്കാലം പിന്നിലേക്ക് ഇരിക്കൂ.. ഇനി ബേക്കറികളിൽ ഉപ്പേരിയുടെയും ശർക്കരവരട്ടിയുടെയും കാലമാണ്. ഓണക്കാല വിപണി ലക്ഷ്യമിട്ട് കടകളിലെല്ലാം ഉപ്പേരിയും ശർക്കരവരട്ടിയും നിറഞ്ഞുതുടങ്ങി. അടുത്തമാസം ആദ്യവാരത്തോടെ വിൽപന തകൃതിയാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. കോടികളുടെ ഉപ്പേരിക്കച്ചവടമാണ് ഓണക്കാലത്ത് മാത്രം നടക്കുന്നത്.
എന്നാൽ ഇക്കുറി നാടൻ കായ കിട്ടാനില്ലെന്നത് വ്യാപാരികളെ വിഷമത്തിലാക്കുന്നുണ്ട്. പെരുമഴയും കാറ്റും കേരളത്തിലെ വാഴകൃഷിയെ സാരമായി ബാധിച്ചു. തമിഴ്നാടൻ ഏത്തക്കായയാണ് ആശ്രയം. സീസൺ മുന്നിൽ കണ്ട് പ്രതിദിനം ഒന്നിലധികം ലോഡ് കായയാണ് തമിഴ്നാട്ടിൽ നിന്ന് എറണാകുളം മാർക്കറ്റിൽ എത്തുന്നത്. ഏത്തക്കായ ലഭ്യത കുറഞ്ഞതോടെ വിലയും കുതിച്ചുയർന്നു. കഴിഞ്ഞമാസം വരെ കിലോ ഗ്രാമിന് 33 രൂപ ഉണ്ടായിരുന്നതിന് ഇപ്പോൾ 62 രൂപയാണ് വില ! വരും ദിവസങ്ങളിൽ വില ഉയരുമെന്ന് വ്യാപാരികൾ പറയുന്നു. ശുദ്ധമായ വെളിച്ചെണ്ണയിൽ വറുക്കുന്ന നാടൻ കായ ഉപ്പേരിക്കാണ് ഏക്കാലവും ഡിമാൻഡ്. ഇക്കുറി രുചിക്കൊപ്പം അൽപ്പം വിലയും കൂടുമെന്ന് ഉറപ്പ്.
മൊത്ത വ്യാപാര നിരക്ക്
ഉത്പന്നം - അളവ്- നിലവിലെ വില- കഴിഞ്ഞ വർഷത്തെ വില
കായ വറുത്തത്- 1 കിലോ - 440 രൂപ- 480 രൂപ
ശർക്കര വരട്ടി- 1 കിലോ- 440 രൂപ - 480 രൂപ
ഏറെ പ്രതീക്ഷയോടെയാണ് ഓണക്കാലത്തെ കച്ചവടത്തിന് ഒരുങ്ങിയിട്ടുള്ളത്. ഉപ്പേരിയും ശർക്കരവരട്ടിയും ഉണ്ടാക്കുന്ന തിരക്കിലാണ്. പോയവർഷത്തെ പോലെ കായ വറുത്തും ശർക്കരവരട്ടിയുമൊക്കെ ഇക്കുറി ഓൺലൈനായി ഓർഡർ ചെയ്യാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ആവശ്യമനുസരിച്ച് നഗരപരിധിയിലെ വീടുകളിൽ ഇവ എത്തിച്ച് നൽകുകയും ചെയ്യും.
റഹ്മാൻ
വറവുകട ഉടമ
കൊച്ചി