
കൊച്ചി: സംസ്ഥാനത്ത് ഇനി ആകെയുള്ളത് 369 നാട്ടാനകൾ മാത്രമെന്ന് വനം വകുപ്പ്. 109 നാട്ടാനകളുള്ള തൃശൂരാണ് ഈ കണക്കിൽ മുന്നിൽ. രണ്ട് നാട്ടാനകൾ മാത്രമുള്ള വയനാട്ടിലാണ് ഏറ്റവും കുറവ്. കാസർകോട് നാട്ടാനകളില്ല. ഇടുക്കിയിലെ 76 വയസുള്ള സരസ്വതി, സേതുലക്ഷ്മി എന്നീ പിടിയാനകളാണ് ആനസംഘത്തിലെ കാരണവത്തികൾ. ഒൻപത് വയസുള്ള അയ്യപ്പനാണ് നാട്ടാനകളിലെ ബേബി.
കഴിഞ്ഞ ആറ് മാസത്തിനിടെ ചരിഞ്ഞത് ഒൻപത് നാട്ടാനകൾ. കഴിഞ്ഞ ആറ് വർഷത്തിനിടെ 118 കൊമ്പനും 21 പിടിയും ഒരു മോഴയും ഉൾപ്പടെ 140 നാട്ടാനകൾ ചരിഞ്ഞു. 2018ൽ മാത്രം 33എണ്ണം അന്ത്യശ്വാസം വലിച്ചു. 2022ൽ 12 എണ്ണവും. 2024 ജൂലായ് വരെയുള്ള കണക്കുകളാണിത്. എറണാകുളം കാക്കനാട് സ്വദേശി രാജു വാഴക്കാലയ്ക്ക് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വൈൽഡ് ലൈഫ്) നൽകിയ വിവരാവകാശ മറുപടിയിലാണ് ഈ വിവരങ്ങൾ.
അതേസമയം, സംസ്ഥാനത്തെ കാട്ടാനകളുടെ എണ്ണവും കുറയുന്നുവെന്ന് വനംവകുപ്പിന്റെ അന്തർസംസ്ഥാന സെൻസസിലെ വിവരം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ കാട്ടാനകളുടെ എണ്ണം 7ശതമാനം കുറഞ്ഞുവെന്നും 2015നും 2023നും ഇടയിൽ 845 കാട്ടാനകൾ ചെരിഞ്ഞുവെന്നും സെൻസസ് പറയുന്നു.
ഓരോ ജില്ലയിലുമുള്ള നാട്ടാനകൾ
(ജില്ല, എണ്ണം എന്ന കണക്കിൽ)
തൃശൂർ- 109
കോട്ടയം- 56
കൊല്ലം- 53
ഇടുക്കി- 26
പാലക്കാട് - 24
ആലപ്പുഴ - 19
പത്തനംതിട്ട- 19
തിരുവനന്തപുരം- 18
എറണാകുളം- 16
മലപ്പുറത്ത് - 12
കോഴിക്കോട്- 11
കണ്ണൂർ - 04
വയനാട്- 02
കാസർകോട്- 00
ആറ് വർഷത്തിനിടെ ചരിഞ്ഞവ
(വർഷം, എണ്ണം എന്ന കണക്കിൽ)
2018---- 33
2019---- 19
2020---- 22
2021---- 24
2022---- 12
2023---- 21