kothamangalam

കോതമംഗലം: കോതമംഗലം ചെറിയ പള്ളി കന്നി 20 പെരുന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിലെ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു. ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയിൽ 339-ാമത് കോതമംഗലം തീർത്ഥാടനത്തിന്റെ വിജയത്തിനായി സംസ്ഥാന സർക്കാരിന്റെ 10 വകുപ്പുകളുടെ സംയുക്ത സമിതിക്ക് രൂപം നൽകി. പെരുന്നാളിന്റെ പ്രധാന ദിവസങ്ങളായ ഒക്ടോബർ 2, 3 തീയതികളിൽ സംസ്ഥാന സർക്കാർ കോതമംഗലം പട്ടണത്തെ ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗത കുരുക്കുകൾ പരിഹരിക്കൽ, നാഷണൽ ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള തടസങ്ങൾ നീക്കൽ, വൈദ്യുതി വിതരണ ക്രമീകരണങ്ങൾ തുടങ്ങിയവ‌യ്ക്ക് പരിഹാരം കാണുവാൻ തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഐ.ബി, വാട്ടർ അതോറിറ്റി, പൊലീസ്, നഗരസഭ, ഫയർഫോഴ്‌സ്, റവന്യൂ, ആരോഗ്യവകുപ്പ്, എക്‌സൈസ്, മോട്ടോർ വാഹന വകുപ്പ്, ഗതാഗത വകുപ്പ് പ്രതിനിധികളും വിവിധ പഞ്ചായത്ത് സെക്രട്ടറിമാരും പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുത്തു. വകുപ്പുകളുടെ ഏകോപനത്തിന് കോതമംഗലം നിയോജകമണ്ഡലം എം.എൽ.എ ആന്റണി ജോൺ ചെയർമാനായും കോതമംഗലം തഹസീൽദാർ അനിൽകുമാർ ജനറൽ കൺവീനറായും വിവിധ വകുപ്പ് ഉദ്യോഗസ്ഥർ കൺവീനർമാരായും കമ്മിറ്റികൾ രൂപീകരിച്ചു. കൺട്രോൾ റൂമിന്റെ പ്രവർത്തനം സെപ്റ്റംബർ 25 മുതൽ ആരംഭിക്കും. സുരക്ഷാക്രമീകരണങ്ങളുടെ ആവശ്യത്തിനായി സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കും. സെപ്തംബർ 25നാണ് കൊടിയേറ്റ്. ഒക്ടോബർ 4 വരെയാണ് കോതമംഗലം തീർത്ഥാടനവും പരി. ബാവയുടെ 339 -ാം ഓർമ്മപ്പെരുന്നാളും നടക്കുക. യോഗത്തിൽ ആന്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷനായി. മാർത്തോമ ചെറിയ പള്ളി വികാരി ഫാദർ ജോസ് പരുത്തുവയലിൽ, കോതമംഗലം നഗരസഭ ചെയർമാർ കെ.കെ. ടോമി, കീരമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്, കൗൺസിലർമാരായ കെ.എ. നൗഷാദ്, കെ.വി. തോമസ്, ഷിബു കുര്യാക്കോസ്, റിൻസ് വർഗീസ്, മാർ തോമ ചെറിയ പള്ളി ട്രസ്റ്റിമാർ എന്നിവർ പ്രസംഗിച്ചു.